ഭോപ്പാല്‍: ഒരു പരിപാടിയിലും താന്‍ മാസ്‌ക് ധരിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഇന്‍ഡോറില്‍ നടന്ന പരിപാടിക്ക് എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രസ്താവന വിവാദമായതോടെ മന്ത്രി തിരുത്തി. ‘മാസ്‌ക് ധരിക്കില്ലെന്ന എന്റെ പ്രസ്താവന നിയമലംഘനമാണെന്ന് കരുതുന്നു. പ്രധാനമന്ത്രിയുടെ വികാരത്തിന് അനുസൃതമായിരുന്നില്ല എന്റെ പ്രസ്താവന. തെറ്റ് അംഗീകരിച്ച് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരോടും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ നരോത്തം മിശ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഒരു മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.