ഭോപാല്‍: കഴിഞ്ഞ 14 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വിക്ക് ‘വാസ്തു’വിനെ പഴിചാരി മധ്യപ്രദേശിലെ കോണ്‍ഗ്രസ്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ ‘കുഴപ്പങ്ങളാ’ണ് രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവായ കെ.കെ മിശ്ര തന്നെയാണ്. എന്‍ഡിടിവിയുമായി സംസാരിക്കവെയാണ് ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവന്റെ വാസ്തുദോഷങ്ങള്‍ അദ്ദേഹം നിരത്തിയത്.
മന്ദിരത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ടോയ്‌ലറ്റുകളും കിഴക്കു ദിശയിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നതെന്നും ഇത് തെറ്റാണെന്നും മിശ്ര പറയുന്നു. ഇതിനു പുറമെ ഇന്ദിരാ ഭവനിലെ മുറികളും വാസ്തു ശാസ്ത്ര പ്രകാരം പുനഃക്രമീകരിക്കണം. ജനങ്ങളുടെ പിന്തുണക്കൊപ്പം ദൈവത്തിന്റെ ഇടപെടല്‍ കൂടി ഉണ്ടായാലേ 2018 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയൂ എന്ന് കെ.കെ മിശ്ര പറഞ്ഞു.
കോണ്‍ഗ്രസ് ആസ്ഥാനം കെട്ടിടം വാസ്തു പ്രകാരം പുനര്‍നിര്‍മിക്കണമെന്ന മിശ്രയുടെ അഭിപ്രായത്തോട് ബി.ജെ.പി വക്താവ് ഹിതേഷ് ബാജ്‌പെയും യോജിച്ചു. എന്നാല്‍, അതുകൊണ്ടു മാത്രം കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും ബാജ്‌പെയ് പറഞ്ഞു.
231 സീറ്റുകളുള്ള മധ്യപ്രദേശില്‍ 165 എം.എല്‍.എമാരുമായി ബി.ജെ.പിയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് 58 അംഗങ്ങളാണുള്ളത്.