X
    Categories: indiaNews

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീഴുമോ?; സിന്ധ്യക്ക് നിര്‍ണായകം

ഭോപാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. മധ്യപ്രദേശിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവരാജ്‌സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്.

സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം. ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യുപിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.

അതേസമയം, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 1967ല്‍ 29ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Test User: