ഭോപ്പാല്‍: കൂട്ടബലാത്സംഗത്തെ അതിജീവിച്ച് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ട്രെയിനിടിച്ച് 18കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി തിങ്കളാഴ്ച രാവിലെ 5.30 വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. വീടിന് സമീപം തന്നെയാണ് റെയില്‍വെ ട്രാക്ക്. അതിനിടെ രണ്ട് പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി ട്രെയിനിനടിയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ശവസംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ മരണകാരണം എന്താണെന്ന് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും ദാത്തിയ പൊലീസ് സൂപ്രണ്ട് ഇര്‍ഷാദ് വാലി പ്രതികരിച്ചു. മകളെ രണ്ടുപേര്‍ ചേര്‍ന്ന് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നായിരുന്നുവത്രെ ആദ്യം പൊലീസിനോട് പറഞ്ഞത്. പക്ഷേ പെണ്‍കുട്ടിയുടെ ബന്ധുവായ ഒരു സ്ത്രീ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്നുവെന്നും അവരാണ് വിവരം കുടുംബത്തെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മധ്യപ്രദേശിലെ 1.12 കോടി വീടുകളില്‍ 52 ശതമാനത്തിനും കക്കൂസുകളില്ല. സ്ത്രീകളടക്കം പ്രഥമികാവശ്യങ്ങള്‍ക്ക് പുറത്തു പോവുകയാണ് പതിവ്.