X

സിനിമ റിവ്യൂകള്‍ തടയണം; തമിഴ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

ചെന്നൈ: സിനിമ റിവ്യൂകള്‍ തടയണമെന്ന ആവശ്യവുമായി തമിഴ് നിര്‍മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയ റിവ്യൂകള്‍ അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കരുതിക്കൂട്ടി സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവര്‍ന്മാര്‍ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യന്‍ 2 സിനിമകള്‍ ഇതിന് ഉദാഹരണമാണെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തി.

ഈ അടുത്ത് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യന്‍, കമല്‍ഹാസന്റെ ഇന്ത്യന്‍ 2 തുടങ്ങിയ ബിഗ് ബജറ്റ് സിനിമകള്‍ പ്രതീക്ഷിച്ച കളക്ഷനുകള്‍ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവയുടെ ആദ്യ ഷോയില്‍ തന്നെ നെഗറ്റീവ് റിവ്യൂകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സിനിമയുടെ പരാജയത്തിന് കാരണമായി. ഇത് നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു.

തിയറ്ററുകളില്‍ നിന്ന് യുട്യൂബേഴ്‌സും മറ്റും നടത്തുന്ന റിവ്യൂ അവസാനിപ്പിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടനക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് സൂചന.

അടുത്തിടെ മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. റിവ്യു ബോംബിങ്ങിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ്‌ക്യൂറിയെ നിയമിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

webdesk17: