X
    Categories: indiaNews

കേരള സര്‍വകലാശാലയില്‍ ഇടതുജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഇടതുഅനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള 54 ലൈബ്രറി അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും ലൈബ്രറി അസിസ്റ്റന്റുമാരെ നിലവിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും കേരള സര്‍വകലാശാല മാത്രം റിപ്പോര്‍ട്ട് ചെയ്യാത്തത് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്നാണ് ആക്ഷേപം. കരാര്‍ ജീവനക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കാന്‍ സര്‍വകലാശാല വിമുഖത കാട്ടുന്നത്. ഭരണകക്ഷിയിലെ ചില നേതാക്കളുടെ ബന്ധുക്കളും കരാര്‍ നിയമനംലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. എം.ജി 19 ഉം, കാലിക്കറ്റ് 17 ഉം, കൊച്ചി 22 ഉം, കാര്‍ഷിക 15 ഉം, കണ്ണൂര്‍ അഞ്ചും ഒഴിവുകള്‍ പി.എസ്.സിക്ക് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തി ല്‍ ലൈബ്രറി ജീവനക്കാരെ നേരിട്ട് നിയമിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ ഇതേവരെ പി.എസ്.സിക്ക് കൈമാറിയിട്ടില്ല.

ലൈബ്രറി അസിസ്റ്റന്റുമാര്‍ക്കുള്ള എഴുത്തു പരീക്ഷ പി.എസ്.സികഴിഞ്ഞ ജൂലൈ മാസത്തിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ഓണ്‍ ലൈനായി നടത്തിയത്. മൂവായിരത്തോളം പേര്‍ അപേക്ഷിച്ചിരുന്നു. ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് പി.എസ്.സി റാങ്ക് പട്ടികതയ്യാറാക്കുന്നത്. കേരള സര്‍വകലാശാല ഒഴിവുകള്‍ അറിയിക്കാത്തതുകൊണ്ട് നിയമനപ്രക്രിയ പൂര്‍ണമാകില്ല. 54 തസ്തികകളില്‍ സംവരണ അട്ടിമറിയുമുണ്ട്. ‘കേരള’യിലെ ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും, ലൈബ്രറിയിലെ കരാര്‍ ലൈബ്രറി അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

കേരള സര്‍വകലാശാല നേരിട്ട് നടത്തിയ അസിസ്റ്റന്റ് നിയമനങ്ങളിലെ വ്യാപക ക്രമക്കേടുകളെ തുടര്‍ന്ന് ലോകായുക്ത ഉത്തരവുപ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പി.എസ്.സിക്ക് വിട്ടെങ്കിലും, സ്‌പെഷ്യല്‍ ചട്ടങ്ങള്‍ തയ്യാറാകാത്തതുകൊണ്ട് എല്ലാ സര്‍വകലാശാലകളിലുംവിവിധ തസ്തികകളിലായി നൂറുകണക്കിന് ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ തുടരുകയാണ്. ‘കേരള’യിലെ താല്‍ക്കാലിക ലൈബ്രറി ജീവനക്കാര്‍ തങ്ങള്‍ പ്രായപരിധി കഴിഞ്ഞവരെന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിയമപരമായി പരിഗണിക്കാനാണ് സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Test User: