കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം.
പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസ് കൂടി പുതിയതായി ഉണ്ടാക്കി ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ലെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴല്‍നാടനും കോടതി മുറിയില്‍ കയറി. പുതിയ കേസില്‍ ഷിയാസ് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മൃതദേഹവുമായി പ്രതിഷേധം നടത്തിയെന്ന കേസില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ആരോപിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.