ഛത്തീസ്ഗഡില്‍ കൗമാരപ്രായക്കാരിയെ 23കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമം. മാര്‍ച്ച് 24ന്് സൂരജ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവളുടെ വീട്ടിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു.
സാബിര്‍ അലി എന്ന ബാബ ഖാനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണമനുസരിച്ച്, ഇരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വ്യാഴാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ എഴുതുകയും തുടര്‍ന്ന് സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള സൂരജ്പൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അവളുടെ അമ്മ ബിലാസ്പൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായ പിതാവിനെ പരിചരിക്കുകയായിരുന്നു, ഇളയ സഹോദരന്‍ വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഹോദരനും അയല്‍വാസികളും പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
സെക്ഷന്‍ 302 (കൊലപാതകം), 376 (ബലാത്സംഗം), മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൃത്യമായ പ്രായം വ്യക്തമായിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് കണ്ടെത്തിയാല്‍ പോക്‌സോ നിയമത്തിലെ വ്യവസ്ഥ കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൂരജ്പൂരിലെ ജാര്‍ഹി പ്രദേശത്ത് ധാരാളം ആളുകളാണ് ശനിയാഴ്ച ഒത്തുകൂടിയത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.