വരാനിരിക്കുന്ന കുംഭമേളയില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്ന് അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വി.
കുംഭമേള സമാധാനപരമായി നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമ്മുടെ സമൂഹം മുന്നോട്ടാണ് പോകേണ്ടതെന്നും റസ്‌വി ചൂണ്ടിക്കാട്ടി. മുസ്‌ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.
ഈ തീരുമാനം മതസഹിഷ്ണുതയെ തുരങ്കം വെക്കുന്നതാണ്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ സാമൂഹിക വിഭജനത്തിന് കാരണമാകുമെന്നും അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മുസ്‌ലിം കച്ചവടക്കാര്‍ക്ക് അവസരം നിഷേധിച്ചുകൊണ്ടുള്ള നീക്കം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയ്ക്ക് എതിരാണെന്നും റസ്‌വി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്നും സാമൂഹിക സൗഹാര്‍ദം നിലനിര്‍ത്തണമെന്നും റസ്‌വി പറഞ്ഞു. മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ജനുവരി 13ന് പ്രയാഗ്രാജില്‍ നിന്ന് ആരംഭിക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ഈ കാലയളവില്‍ കുംഭമേള കടന്നുപോകുന്ന വീഥികളിലും മറ്റും മുസ്‌ലിങ്ങളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് പ്രഖ്യാപനം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഹിന്ദുക്കളെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് (എ.ബി.എ.പി) പ്രഖ്യാപിക്കുകയായിരുന്നു. എ.ബി.എ.പിയുടെ പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രയാഗ് രാജില്‍ വരുന്ന ആഴ്ച സര്‍ക്കാര്‍ യോഗം ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥരായവര്‍ക്ക് മാത്രമേ കടയിടാന്‍ സ്ഥലവും സൗകര്യവും നല്കുള്ളുവെന്നും എ.ബി.എ.പി പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.