X
    Categories: More

ശവത്തില്‍ കുത്തി കോന്റെ; ഉരുളക്കുപ്പേരി മറുപടിയുമായി മൗറീഞ്ഞോ

ലണ്ടന്‍: എതിരാളികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കുപ്രസിദ്ധനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ. എതിര്‍ ടീമുകളുടെ മേധാവികളോടും മാധ്യമങ്ങളോടും കളിയെഴുത്തുകാരോടും സ്വന്തം കളിക്കാരോടും വരെ മയമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത ശത്രുക്കളുടെ എണ്ണം ചെറുതല്ല. എന്നാല്‍ 2015-16 സീസണില്‍ ചെല്‍സിയില്‍ നിന്നേറ്റ അപമാനത്തിനു ശേഷം തുറന്നടിക്കുന്ന സ്വഭാവത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ പോര്‍ച്ചുഗീസുകാരന്‍ നിര്‍ബന്ധിതനായി.

എങ്കിലും പറയേണ്ടത് പറയേണ്ട സമയത്ത് പറയുക എന്ന ശീലം പൂര്‍ണമായി ഉപേക്ഷിക്കാന്‍ മൗറീഞ്ഞോ തയാറില്ല എന്നാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെക്ക് നല്‍കിയ മറുപടിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നത്. തന്റെ കോച്ചിങ് മികവിനെ ചോദ്യം ചെയ്ത കോന്റെക്ക് മൗറീഞ്ഞോ നല്‍കിയ മറുപടി നേരിട്ടുള്ളതല്ലെങ്കിലും കുറിക്കു കൊള്ളുന്നതായിരുന്നു.

ചെല്‍സിയുടെ പ്രീസീസണ്‍ മത്സരങ്ങള്‍ക്കിടെ കോന്റെ കളിക്കാര്‍ക്ക് നല്‍കിയ ഉപദേശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘മൗറീഞ്ഞോ സീസണ്‍ ഒഴിവാക്കണം’ എന്നായിരുന്നു ഇറ്റലിക്കാരന്റെ വാക്കുകള്‍. 2015-16 സീസണില്‍ മൗറീഞ്ഞോക്കു കീഴില്‍ ചെല്‍സി തപ്പിത്തടഞ്ഞതും അതുവഴി കോച്ചിന്റെ ജോലി തെറിച്ചതുമൊക്കെയാണ് കോന്റെ ഉദ്ദേശിച്ചത്. ഒടുവില്‍ താല്‍ക്കാലിക കോച്ച് ഗുസ് ഹിഡിങ്കിനു കീഴില്‍ പത്താം സ്ഥാനത്താണ് ചെല്‍സി ഫിനിഷ് ചെയ്തത്.

ഞായറാഴ്ച ഓസ്ലോയില്‍ വലേരംഗയുമായുള്ള സൗഹൃദ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ടമാര്‍മാരിലൊരാള്‍ ഇക്കാര്യം മൗറീഞ്ഞോയുടെ ശ്രദ്ധയില്‍പ്പെടുത്തി. മൗറീഞ്ഞോയുടെ മറുപടി ശാന്തമായിരുന്നു. ‘അതേപ്പറ്റി ഞാനറിഞ്ഞില്ല. ഏതായാലും നിരവധി വഴികളിലൂടെ എനിക്ക് അതിന് മറുപടി നല്‍കാന്‍ കഴിയും. എന്നാലും ആന്റോണിയോ കോന്റെയെപ്പറ്റി സംസാരിക്കുന്നതിന് ഒരു മുടിപോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറില്ല.’ എന്നായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം.

പ്രീസീസണ്‍ ഒരുക്കങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുനൈറ്റഡ് അടുത്ത സീസണില്‍ കിരീട പോരാട്ടത്തില്‍ ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 13-ന് വെസ്റ്റ്ഹാമിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന്റെ ആദ്യ മത്സരം. റൊമേലു ലുകാകുവിനെ വന്‍തുക കൊടുത്ത് എവര്‍ട്ടനില്‍ നിന്ന് സ്വന്തമാക്കിയ മൗറീഞ്ഞോ ട്രാന്‍സ്ഫറിന്റെ അവസാന ഘട്ടങ്ങളില്‍ ചില അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ നടത്താനിടയുണ്ടെന്നാണ് സൂചന.

ചന്ദ്രിക വെബ് ഡെസ്‌ക്‌: