തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഇന്ന് പണിമുടക്കുകയാണ്.
അതേസമയം, സ്വകാര്യവാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്. ഹര്‍ത്താല്‍ അല്ലാത്തതിനാല്‍ കടകളും ഹോട്ടലുകളും തുറക്കും. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ജനജീവിതം സ്തംഭിച്ചു.
കെ.എസ്.ആര്‍.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയില്‍ മെട്രോ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. സ്വകാര്യ ബസുകളില്ലാത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി രക്ഷയാകുന്ന ഐ.ടി നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല.
ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക തുടങ്ങി 16 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂര്‍, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ മാറ്റിവച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.