X

70,000 രൂപ വിലയുള്ള വാഹനത്തിന് പിഴത്തുക ഒരു ലക്ഷം

മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ക്ക് പുതിയ പിഴ ചുമത്തിത്തുടങ്ങിയതോടെ വാഹനത്തിന്റെ വിലയേക്കാള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ പുതിയ സ്‌കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ഇട്ടിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

പുതിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് നമ്പറും താത്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ച് ഒരു ലക്ഷം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന ഉടമയ്ക്ക് പിഴയിട്ടിരിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന് 70,000 രൂപയില്‍ താഴെ മാത്രമാണ് വിലയെന്നതാണ് ഇതിലെ കൗതുകം.

ഒഡീഷയില്‍ ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഓഗസ്റ്റ് 28നാണ് ഈ സ്‌കൂട്ടര്‍ വാങ്ങിയത്. അതിനുശേഷം സെപ്റ്റംബര്‍ 12ന് ഉടമ ഈ വാഹനവുമായി വാഹന പരിശോധനയില്‍ പെടുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് വാഹനഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഇടുകയായിരുന്നു.

രേഖകളൊന്നും നല്‍കാതെ വാഹനം ഉപയോക്താവിന് നല്‍കിയതിന് ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. പുതിയ നിയമത്തില്‍ വാഹനം ഉപയോക്താവിന് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ നിരവധി പ്രശ്‌നങ്ങളാണ് പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ പിഴ ഈടാക്കില്ലെന്നും അറിയിച്ചിരുന്നു.

web desk 1: