തിരുവനന്തപുരം: വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.
ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.
2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി.
പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.
സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.