X

ഗോളടിക്കുമ്പോള്‍ ആരവങ്ങളുമായി മലപ്പുറത്തെ ഉമ്മമാര്‍; മോഹന്‍ലാലിന്റെ സംഗീത ദൃശ്യാവിഷ്‌കാരത്തിന് ദോഹയില്‍ ഗ്ലോബല്‍ ലോഞ്ചിംഗ്

അശ്‌റഫ് തൂണേരി

ദോഹ:ലാലാ..ലാലല്ലല്ല ലാലാ…ഹേ,ഹേ ആടാം, ആടിപ്പാടി ഓടാം, ചാടിച്ചാടി പറക്കാം, ഒരേ വികാരം, ഒരേ വിചാരം, ഒരു മതം, ഒരു മതം… അത് ഫുട്‌ബോള്‍….ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മോഹന്‍ലാല്‍ ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ സംഗീത ദൃശ്യാവിഷ്‌കാരത്തിന് ദോഹയില്‍ ഗ്ലോബല്‍ ലോഞ്ചിംഗ്.

മലപ്പുറത്തെ നാട്ടിന്‍പുറങ്ങളില്‍ സെവന്‍സ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഉമ്മമാര്‍ ഗോളടിക്കുമ്പോള്‍ ആരവങ്ങളുമായി ആഹ്ലാദിക്കുന്നതും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം സജീവമാവുന്ന പെണ്‍കുട്ടികളേയും ദൃശ്യവത്കരിക്കുന്ന മനോഹര സംഗീത ആല്‍ബമാണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഈ ജീവസ്സുറ്റ സംഗീത ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധായകന്‍ പ്രശസ്ത സംവിധായകന്‍ ടി.കെ രാജീവ്കുമാറാണ്. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍സ് റ്റു ഖത്തര്‍’ സംഗീത ദൃശ്യാവിഷ്‌കാരം ഞായറാഴ്ച ദോഹയിലെ ഗ്രാന്‍ ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മോഹന്‍ലാല്‍, ടി.കെ രാജീവ്കുമാര്‍, സതീഷ്പിള്ള, റേഡിയോ സുനോ ഡയറക്റ്റര്‍ കൃഷ്ണദാസ്, മിബു ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

നാല് മിനുട്ടാണ് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. ശബ്ദം നല്‍കിയതും ഗാനം ആലപിച്ചതും മോഹന്‍ലാല്‍ തന്നെ. പൂര്‍ണമായും മലപ്പുറത്ത് ചിത്രീകരിച്ച ആല്‍ബത്തില്‍ കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകളും വയോധികരും വരെ എങ്ങനെ ഫുട്‌ബോളിന്റെ ഭാഗമാവുന്നുവെന്ന് വിശദമാക്കുന്നുണ്ട്. ലോഞ്ചിംഗ് സമയത്ത് തന്നെ യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം 15 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 5 ലക്ഷത്തോളം പേരാണ് കണ്ടത്. യുവ സംഗീതജ്ഞന്‍ ഹിഷാം അബ്ദുല്‍വഹാബ് ആണ് ഈണം പകര്‍ന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ആശിര്‍വാദ് സിനിമാസ് ആണ് ഗാനം പുറത്തിറക്കിയത്

Test User: