മലപ്പുറം: വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം 20ന് മലപ്പുറം വാരിയം കുന്നന്‍ സ്മാരക ടൗണ്‍ഹാളില്‍ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പരിണിതഫലമായി സമൂഹത്തില്‍ അക്രമങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് വനിതാലീഗ് ഇത്തരത്തിലൊരു കാമ്പയിനുമായി മുന്നോട്ടു വരുന്നത്. ‘തകരുന്ന യുവത്വം, ഉണരേണ്ട മാതൃത്വം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ പി.എം.എ ഗഫൂര്‍, ഫിലിപ്പ് മമ്പാട് ക്ലാസെടുക്കും.
20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് കാമ്പയിന്‍. വിവിധ ഘട്ടങ്ങളിലായി ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ കണ്‍വന്‍ഷനുകളും യൂണിറ്റ് തലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും ജാഗ്രത സദസുകളും ഒരുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ പഞ്ചായത്തുകളിലും അമ്മമാര്‍ക്ക് ബോധവത്കരണം, ലഘുലേഖ വിതരണം, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍, ക്യാമ്പുകള്‍ എന്നിവ ഒരുക്കും. മുസ്‌ലിം ലീഗ്, വനിതാ ലീഗ് നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കും. ജില്ലാതലം മുതല്‍ നടക്കുന്ന പരിപാടികളില്‍ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ജാഗ്രതാസമിതികള്‍ രൂപീകരിക്കും. എക്‌സൈസ്, പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് കോര്‍ഡിനേഷന്ന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ തയാറാക്കും.