സ്വന്തം മക്കളുടെ ജീവന് ആപത്ത് വന്നാല്‍ പിന്നെ അമ്മമാര്‍ പിന്നെ ഏത്ര ശക്തിശാലിയോടും പിടിച്ചു നില്‍ക്കും. അത്തരത്തില്‍ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്നിരിക്കുന്നത്. പുലിയുടെ വായിലകപ്പെട്ട തന്റെ മകനെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ എന്‍എച്ച് 74ന് സമീപമുള്ള ജീത്പൂര്‍ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന അമ്മ.
ജോലി സ്ഥലത്തു നിന്ന് കുറച്ചുമാറി തന്റെ പത്തു വയസ്സുകാരനായ മകന്‍ തികേന്ദ്ര സൈനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പുള്ളിപ്പുളി തന്റെ കുഞ്ഞിന് നേരെ പാഞ്ഞടുക്കുന്നത് ദേവി കണ്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ അമ്മ തന്റെ അരിവാള്‍ ഉപയോഗിച്ച് പുലിയെ പേടിപ്പിക്കാന്‍ നോക്കി. തന്റെ മകനെ പുലിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതു വരെ ദേവി പുലിയുമായി പൊരുതി. ഒടുവില്‍ പുലി അമ്മയുടെ മുന്നില്‍ തോറ്റ് പിന്‍തിരിഞ്ഞോടി. പുലിയെ കണ്ടതും വയലില്‍ പണിയെടുത്തിരുന്ന മറ്റുള്ളവരെല്ലാം ഭയന്നോടി.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നോഴുകുന്ന മകനെ ഒറ്റയക്കാണ് ശാന്തരേഷ് ദേവി വാരിയെടുത്ത് വയലില്‍ എത്തിച്ചത്. ദേവിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മകന് തലയിലും കൈകളിലും വയറിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. കുട്ടി പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും കുട്ടിയെ നാഗിനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ബിജ്‌നോര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.