കൊല്‍ക്കത്ത: ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഫ്രസുല്‍. ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കെയാണ് അരുംക്രൂരതക്കിരയായത്. എല്ലാവരോടും നല്ലരീതിയില്‍ മാത്രം പെരുമാറുന്ന അഫ്രസുല്‍ കൊല്ലപ്പെട്ടെന്ന് വിശ്വസിക്കാനാകാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
കൊലപാതക വിവരമറിഞ്ഞതോടെ നിരവധി ആളുകളാണ് മാള്‍ദയിലെ കൊച്ചുവീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തങ്ങളറിയുന്ന അഫ്രസുല്‍ ഒരു തെറ്റും ചെയ്യില്ലെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ക്രൂരകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ഇതിന് തെളിവാണ്. ഉന്നതങ്ങളില്‍ സ്വാധീനമുള്ളവര്‍ക്ക് കൊലയില്‍ പങ്കുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ ഇത് പുറത്തുകൊണ്ടുവരണം.-നാട്ടുകാര്‍ പറഞ്ഞു.
ഘാതകനായ ശംഭുലാലിനെ തൂക്കിക്കൊല്ലണമെന്ന് അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി പ്രതികരിച്ചു. അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ്. മഴു കൊണ്ട് തലക്കടിച്ച് വീഴ്ത്തി തീ കൊളുത്തി കൊല്ലപ്പെടാന്‍ മാത്രം അഫ്രസുല്‍ എന്ത് തെറ്റാണ് ചെയ്തത്. പേരക്കുട്ടികള്‍ പോലും ഉള്ള അദ്ദേഹത്തെ തീ കൊളുത്തുന്നതിന് മുന്‍പ് ഇറച്ചിവെട്ടുന്നതു പോലെയാണ് അവന്‍ വെട്ടിയരിഞ്ഞത്. അങ്ങനെ ചെയ്തവര്‍ക്കും അതേപോലുള്ള ശിക്ഷ ലഭിക്കണം-നിറകണ്ണൂകളോടെ അവര്‍ പറഞ്ഞു.
രാജ്യത്തെ നടുക്കിയ ഹീന കൃത്യത്തെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. സംഭവം നടുക്കമുളവാക്കുന്നതാണെന്നും മനുഷ്യര്‍ക്ക് എങ്ങനെ ഇത്രയും ക്രൂരനാകാന്‍ കഴിയുന്നെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ ഇരുണ്ട യുഗത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തെ ക്രിമിനല്‍വത്കരിച്ചതിന്റെ ഫലമാണിതെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.