ചെന്നൈ: രണ്ട് മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അമ്മ ഒളിവില്‍. ചെന്നൈ കുന്ദ്രത്തുരിലാണ് നാടുവിടാനായി അഭിരാമി എന്ന യുവതി കുഞ്ഞുങ്ങളെ കൊന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഭിരാമി ഇപ്പോള്‍ ഒളിവിലാണ്.
പാലില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കുട്ടികളെ യുവതി കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിനാണ് സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അഭിരാമിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
അഭിരാമിയുടെ ഭര്‍ത്താവ് വിജയ് നല്‍കിയ പരാതിയിലാണ് അന്വേഷണം. എട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഏഴ്, അഞ്ച് വയസുള്ള രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് വിജയ് കണ്ടത്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ കിടക്കയില്‍ കിടന്നുറങ്ങുന്ന കുട്ടികളെ കാണുകയായിരുന്നു. ഇരുവരുടെയും വായില്‍ നിന്നും നുരയും പതയും പുറത്ത് വന്നിരുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.