ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട്. പൊക്കിള്‍ കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന്‍ നടത്തിയതെന്നും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നും സൂപ്രണ്ട് അബ്ദുള്‍ സലാം.
അമ്മയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. പ്രസവസമയം ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നതായും പിഴവ് കാരണമാണോ മരണമെന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും സൂപ്രണ്ട് പറഞ്ഞു.
അതേസമയം ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രേഖകളില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസവം നടക്കുകയും എന്നാല്‍ കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അമ്മയും മരിച്ചത്. പെട്ടെന്ന് ഹൃദയമിടിപ്പ് താഴ്ന്നതാണ് മരണകാരണമെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ അറിയിച്ചത്.