X

ഇറാഖ്: ദൗത്യസേന മൊസൂളിലേക്ക് കടക്കുന്നു

ബഗ്ദാദ്: ഇസ്്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികളെ തുരത്തുകയെന്ന ലക്ഷ്യത്തോടെ ഇറാഖ് പ്രത്യേക ദൗത്യസേന മൊസൂള്‍ നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ കടന്നു. നഗരത്തോട് അടുക്കുംതോറും സൈന്യം കടുത്ത ചെറുത്തുനില്‍പ്പ് നേരിടുന്നുണ്ട്. സൈനികര്‍ക്കുനേരെ ഗ്രനേഡാക്രമണം തുടരുകയാണ്.

എല്ലാ ഭാഗങ്ങളില്‍കൂടിയും സൈനികര്‍ നഗരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. സൈനികരും കുര്‍ദിഷ്, സുന്നി പോരാളികളുമടക്കം അരലക്ഷത്തോളം പേരാണ് ഐ.എസ് വിരുദ്ധ നീക്കത്തില്‍ പങ്കെടുക്കുന്നത്. കീഴടങ്ങുകയോ മരിക്കുകയോ ചെയ്യാന്‍ അദ്ദേഹം ഐ.എസ് തീവ്രവാദികളോട് ആവശ്യപ്പെട്ടു. മൊസൂളിനു കിഴക്ക് ബാസ്‌വായ ഗ്രാമം ഭീകര വിരുദ്ധ സേന പിടിച്ചെടുത്തു.
സൈന്യത്തിന്റെ അടുത്ത കാല്‍വെപ്പ് മൊസൂളിലേക്കായിരിക്കും. നഗരത്തില്‍ കാലുറപ്പിക്കാന്‍ സാധിച്ചാല്‍ ഇറാഖിനും ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും അതൊരു സുപ്രധാന ദിവസമായിരിക്കും.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ ചെറുത്തുനില്‍പ്പാണ് സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയോട് ഇറാഖ് കൂടുതല്‍ സഹായം തേടിയിട്ടുണ്ട്. മൊസൂളില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് സൈന്യം ഇപ്പോഴുള്ളത്. ഭീകരവിരുദ്ധ പ്രത്യേക സേന സുരക്ഷിതമാക്കിക്കൊണ്ടിരിക്കുന്ന വഴിയിലൂടെ ഇറാഖ് സേനയുടെ കവചിത വാഹനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഏറ്റുമുട്ടല്‍ ഭയന്ന് ഇരുപതിനായിരത്തോളം സിവിലിയന്മാര്‍ പലായനം ചെയ്തുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ഏഴു ലക്ഷം പേര്‍ കൂടി പലായനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

chandrika: