ബഗ്ദാദ്: ഇറാഖില്‍ മൊസൂള്‍ നഗരത്തിനുവേണ്ടിയുള്ള യുദ്ധത്തില്‍ പൂര്‍ണവിജയം സാധ്യമാകുമെന്ന് ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി വിശ്വാസം പ്രകടിപ്പിച്ചു. സൈന്യത്തിന് പിടികൊടുക്കാതെ നഗരം കാത്തുസൂക്ഷിക്കണമെന്നും ഐ.എസ് പോരാളികള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇറാഖ് സൈനിക നടപടി തുടങ്ങിയ ശേഷം ബഗ്ദാദിയുടെ പേരില്‍ പുറത്തുവന്ന ആദ്യ സന്ദേശമാണിത്. ഇറാഖിന്റെ നേതൃത്വത്തിലുള്ള സഖ്യസേനക്കു മുന്നില്‍ ഉറച്ചുനില്‍ക്കണമെന്നും 31 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
ദൈവത്തിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ദുര്‍ബലരാകരുതെന്നും ബഗ്ദാദി നിര്‍ദേശിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ സഹായത്തോടെ നഗരത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഇറാഖ് സേന ഇപ്പോള്‍.
സൈനിക മുന്നേറ്റം പുരോഗമിക്കുംതോറും ഐ.എസ് ചെറുത്തുനില്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്. സിറിയിയലെ തുര്‍ക്കി സൈനികര്‍ക്കുനേരെയും യുദ്ധം ശക്തമാക്കാന്‍ ബഗ്ദാദി ഓഡിയോ ടേപ്പില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് വ്യക്തമല്ല. മൊസൂളില്‍ ഐ.എസ് തീവ്രവാദികളുടെ വലയത്തിലാണ് ബഗ്ദാദിയെന്ന് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ ഒളിത്താവളം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.