ബഗ്ദാദ്: മൊസൂള്‍ നഗരത്തില്‍നിന്ന് ഇസ്്‌ലാമിക് സ്റ്റേ റ്റ്(ഐ.എസ്) ഭീകരരെ തുരത്താ ന്‍ ഇറാഖ് സേന ശ്രമം തുടരവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ബഗ്ദാദിലെ ത്തി. സൈനിക നടപടിയുടെ പുരോഗതി വിലയിരുത്താനും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുമാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന് ഇറാഖ് വൃത്തങ്ങള്‍ പറയുന്നു. അങ്കാറയില്‍ തുര്‍ക്കി നേതാക്കളെ കണ്ട് ചര്‍ച്ച ചെയ്ത ശേഷം അപ്രതീക്ഷിതമായാണ് കാര്‍ട്ടര്‍ ഇറാഖില്‍ വിമാനമിറങ്ങിയത്.
മൊസൂള്‍ സൈനിക നടപടിയില്‍ അദ്ദേഹം തുര്‍ക്കിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയെ സൈനിക നടപടിയില്‍ പങ്കെടുപ്പിക്കാന്‍ അദ്ദേഹം ഇറാഖ് ഭരണകൂടത്തെ പ്രേരിപ്പിക്കും. ഇറാഖില്‍ നിലവില്‍ പ്രത്യേക ദൗത്യസേനാ അംഗങ്ങളടക്കം 4900 യു.എസ് സൈനികരുണ്ട്. മൊസൂളില്‍ ഇറാഖ് സേനയെയും കുര്‍ദിഷ് പോരാളികളെയും സഹായിക്കലാണ് ഇവരുടെ ജോലി. മൊസൂളിനോട് അടുത്തുകൊണ്ടിരിക്കുന്ന ഇറാഖ് സേന ഇന്നലെ ഐ.എസിന്റെ നിയന്ത്രണത്തിലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ ഖറാഖൂഷിലേക്ക് ഇരച്ചുകയറി.
മൊസൂളിന് തെക്ക് 32 കിലോമീറ്റര്‍ അകലെയാണ് ഖറാഖൂഷ്. ഇറാഖ് സേന എത്തുമ്പോള്‍ നഗരം ശൂന്യമായിരുന്നു. 2014ല്‍ മൊസൂള്‍ നഗരം ഐ.എസ് പിടിച്ചെടുത്തതോടെ തന്നെ ഖറാഖൂഷിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കുര്‍ദിഷ് പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. മൊസൂളിലേക്കുള്ള വഴിയിലെല്ലാം ഐ.എസ് തീവ്രവാദികള്‍ കുഴിബോംബുകള്‍ വിതറിയിരിക്കുകയാണ്. ചാവേറുകളെ ഉപയോഗിച്ചും ഐ.എസ് ചെറുത്തുനില്‍ക്കുന്നുണ്ട്. സൈനിക നിരയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ അതിവേഗം ഓടിച്ചുകയറ്റി ആക്രമിക്കാനാണ് ഐ.എസ് ശ്രമിക്കുന്നത്. യു.എസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഖയ്യാറ നഗരത്തിന് സമീപമുള്ള സള്‍ഫര്‍ പ്ലാന്റിന് ഐ.എസ് തീവെച്ചു.
ഇതേ തുടര്‍ന്നുള്ള പുകപടലങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിന് യു.എസ് സേന മുന്‍കരുതലെന്നോണം മാസ്‌ക്കുകള്‍ ധരിച്ചിട്ടുണ്ട്. സള്‍ഫര്‍ പ്ലാന്റില്‍നിന്നുള്ള പുക ശ്വസിച്ചതുകൊണ്ട് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാഖ് സൈനിക കമാന്‍ഡര്‍ ഖുസയ് ഹാമിദ് ഖദര്‍ പറഞ്ഞു. 2003ല്‍ മിഷ്‌റാഖ് സള്‍ഫര്‍ പ്ലാന്റിന് തീവെച്ചതിനെ തുടര്‍ന്നുള്ള പുക ശ്വസിച്ച് പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സം നേരിടുകയും പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു.