X

മോര്‍ച്ചറികളില്‍ മൃതദേഹം നിറഞ്ഞു; ഗസ്സയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളിലെന്ന് റിപ്പോര്‍ട്ട്

ഗസ്സ: ഇസ്രാഈല്‍ വ്യോമാക്രമണം രൂക്ഷമായ ഗസ്സയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളിലെന്ന് റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനാല്‍ ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹം കൊണ്ട് നിറഞ്ഞ പശ്ചാത്തലത്തിലാണ് പ്രദേശത്തെ ഐസ്‌ക്രീം ട്രക്കുകളിലേക്ക് മൃതദേഹം മാറ്റിയത്. അല്‍ അഖ്സ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളാണ് ഇത്തരത്തില്‍ ഐസ്‌ക്രീം ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഇത്തരത്തില്‍ നീക്കം നടത്തിയതെന്ന് അല്‍അഖ്സ ആശുപത്രിയിലെ ഫോറന്‍സിക് പാത്തോളജിസ്റ്റ് യാസര്‍ ഖതാബ് പറഞ്ഞു. ശീതികരിച്ച ഭക്ഷ്യ വാഹനങ്ങളും നിലവില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുകയാണ്. വെള്ളവും ഭക്ഷണവും വൈദ്യുതിയും ഉപരോധിച്ചതോടെ ഗസ്സ സമ്പൂര്‍ണ നിശ്ചലാവസ്ഥയിലാണ്.

ആശുപത്രികളില്‍ വൈദ്യുതി നിശ്ചിത സമയത്തു മാത്രമാണ് അനുവദിക്കുന്നത്. കരുതല്‍ ഇന്ധന ശേഖരം തീര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണത്തിന് റേഷനിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മോര്‍ച്ചറി റഫ്രിജറേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും കൂടാതെ ശവപ്പെട്ടികളും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും അടിയന്തരമായി ഗസ്സയില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും യാസര്‍ ഖതാബ് വ്യക്തമാക്കി.

webdesk11: