X

രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു

ശരീഫ് കരിപ്പൊടി
കാസര്‍കോട്

മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു. വിദഗ്ധ ചികിത്സയുടെ അഭാവമാണ് സംസ്ഥാനത്ത് മരണനിരക്ക് കൂടാനിടയാക്കുന്നത്. തുടര്‍ചികിത്സ ലഭിക്കാതെ രണ്ടാഴ്ചയ്ക്കിടെ രണ്ടു മരണങ്ങളാണ് കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്.

മലബാറിലെ ഭൂരിഭാഗവും ആശ്രയിക്കുന്ന ആശുപത്രിയായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തജന്യ രോഗികള്‍ക്കായി കേന്ദ്രീകൃത ചികിത്സാ സൗകര്യമോ വിദ്ഗധ ചികിത്സക്കായി ഹെമറ്റോളജി കേന്ദ്രമോ ഇല്ല എന്നതാണ് വസ്തുത. ആശാധാരാ പദ്ധതി വഴി രക്തജന്യ രോഗികള്‍ക്ക് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം സംസ്ഥാനത്തുടനീളമില്ല. മാരക രക്തജന്യ രോഗങ്ങളായ തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. സര്‍ക്കാറിനുകീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രത്യേകമായി ഹെമറ്റോളജി വകുപ്പില്ല. ഇതു രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു.

ചികിത്സകിട്ടാതെയുള്ള മരണനിരക്കുയരുമ്പോഴും വര്‍ഷങ്ങളായി ഹെമറ്റോളജി കേന്ദ്രം വേണമെന്ന രോഗികളുടെ ആവശ്യത്തോട് മുഖംതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രക്തജന്യ രോഗികള്‍ക്കായി എല്ലാ ജില്ലകളിലും വിദഗ്ധ ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും നടപ്പായില്ല. കാസര്‍കോട് ജില്ലയില്‍ അമ്പതിലധികം മാരക രക്തജന്യ രോഗികളുണ്ടെന്നാണ് കണക്ക്. ഇവര്‍ നിലവില്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളെയും കോഴിക്കോട് മെഡിക്കല്‍ കോളജിനെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ യഥാസമയത്ത് ചികിത്സ ലഭിക്കാത്തത് കാരണം മരണത്തിനിരയാവുകയാണ്.

ഹെമറ്റോളജി കേന്ദ്രമില്ലാത്തതിനാല്‍ മജ്ജ മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ തുടര്‍ ചികിത്സ താളംതെറ്റുന്നു. ദശലക്ഷക്കണക്കിന് രൂപ ചെലവാക്കി നടത്തുന്ന ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ചികിത്സ പിഴച്ചാല്‍ എല്ലാ അധ്വാനവും പ്രതീക്ഷയും വിഫലമാവുന്ന സ്ഥിതിയാണുണ്ടാവുക. സമയത്തിന് ഹെമറ്റോളജി വിദഗ്ധ തുടര്‍ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിനു കീഴടങ്ങുകയാണ് രോഗികള്‍.
മജ്ജ മാറ്റിവച്ച കുട്ടികള്‍ക്ക് അണുബാധയോ പനിയോ ഉണ്ടായാല്‍ നേരിട്ട് ചെല്ലാന്‍ ഒരിടമില്ലാത്ത അവസ്ഥയാണിവിടെ. ഒരു ചെറിയ പനിക്ക് പോലും വെല്ലൂരിലേക്കോ ബെംഗളൂരുവിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു കുട്ടി ബംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ വിജയകരമായ മജ്ജ മാറ്റല്‍ ശസ്തക്രിയ കഴിഞ്ഞിരുന്നു. ആറു മാസം പിന്നിട്ടശേഷം പനിവന്നു ഇവിടെ വിദഗ്ധ സംവിധാനമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

ഹെമറ്റോളജി കേന്ദ്രം
അനിവാര്യം

മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തോടെയുളള ഒരു ഹെമറ്റോളജി കേന്ദ്രമാണ് ഉണ്ടാവേണ്ടത്. രക്തജന്യ രോഗികളും രക്ഷിതാക്കളും കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും കാല്‍ നൂറ്റാണ്ടിലധികമായി ഇതിനുവേണ്ടി പ്രക്ഷോഭമുഖത്താണ്. കേന്ദ്ര ആരോഗ്യ വകുപ്പും കോള്‍ ഇന്ത്യാ ലിമിറ്റഡും തലാസീമിക് ഇന്ത്യയും ഒപ്പുവച്ച കരാറടിസ്ഥാനത്തില്‍ മജ്ജ മാറ്റിവക്കുന്ന തലാസീമിയ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ സഹായം ചില നിബന്ധനയോടെ നല്‍കി വരുന്നുണ്ട്.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഇതു വെല്ലുര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്, ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി തുടങ്ങിയ ആശുപത്രികളില്‍ ചെയ്യുന്ന ശസ്ത്രക്രിയക്കു മാത്രമേ ലഭിക്കൂ. കേരളത്തില്‍ ഇതു ലഭിക്കുന്ന ആശുപത്രികളൊന്നുമില്ല. കേരളത്തിലെ രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വെല്ലൂരോ ബെംഗളൂരുവിലോ പോകണം. പാവപ്പെട്ടവര്‍ക്ക് ഇതിനു കഴിയാത്ത അവസ്ഥയാണുളളത്. ഒരു വിദഗ്ധ ഹെമറ്റോളജി കേന്ദ്രമുണ്ടായാല്‍ രോഗികള്‍ക്ക് അവരുടെ തുടര്‍ ചികിത്സക്ക് ഏറെ അനുഗ്രഹമാവും.

webdesk11: