മലപ്പുറം: മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിന്‍ ഉടമയുടെ വീട്ടിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ് സംരക്ഷണത്തിലായതിനാല്‍ പരാതിക്കാരെ സ്റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങി.
ആയിരക്കണക്കിനു നിക്ഷേപകരില്‍ നിന്നും കോടികള്‍ കൈപറ്റിയ മോറിസ് കോയിന്‍ കമ്പനി എം.ഡി. കിളിയിടുക്കില്‍ നിഷാദിന്റെ പൂക്കോട്ടുംപാടത്തെ വീടിലേക്കാണ് മംഗലാപുരം, കുടക്, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പേരടങ്ങുന്ന സംഘമെത്തിയത്. രാവിലെ പതിനൊന്നരയോടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ലക്ഷ്യം.
സ്ത്രീകളടക്കമുള്ള സംഘത്തെ പൊലീസ് ഇവിടെ നിന്നും സ്റ്റേഷനിലേക്ക് മാറ്റി. രേഖമൂലം പരാതി നല്‍കാനും പൊലീസ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്ത് ലക്ഷം മുതല്‍ വന്‍ തുകകള്‍ നഷ്ടമായവരാണ് സംഘത്തിലുള്ളത്. പലരും ആഭരണങ്ങള്‍ വിറ്റും, ലോണെടുത്തുമെല്ലാം നിക്ഷേപം നടത്തിയവരാണ്.
മാസങ്ങളായി പല അവധികള്‍ പറഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ച നിഷാദ് പ്രതികരിക്കാതായതോടെയാണ് പ്രതിഷേധക്കാര്‍ വീട്ടില്‍ എത്തിയത്.ഇരുപതോളം പേര്‍ രേഖാമൂലം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ആരും പരാതി നല്‍കാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.