റാബത്ത്: ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു.
നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
നിരവധി ബഹുനില കെട്ടിടങ്ങളുള്‍പ്പടെ തകര്‍ന്നുവീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകള്‍ തകര്‍ന്നു. തലസ്ഥാനമായ റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മാരകേഷിന്റെ സമീപ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റാബത്തിനു പുറമെ കാസാബ്ലാന്‍ക, എസ്സൗയിറ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍ രാജ്യമായ അള്‍ജീരിയയിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറു പതിറ്റാണ്ടിനിടെ മൊറോക്കോയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. ഭൂചലനം അധികം അനുഭവപ്പെടാത്ത മൊറോക്കോയില്‍ ഭൂചലനത്തെ നേരിടാന്‍ ഉതകുന്ന രീതിയിലല്ല കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നതിനാലാണ് മിക്ക കെട്ടിടങ്ങളും നിലം പൊത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും പുറത്തിറങ്ങിയ നൂറുകണക്കിന് പേരാണ് രാത്രി തെരുവുകളില്‍ കഴിച്ചു കൂട്ടിയത്.
നേരത്തെ 2004ല്‍ മൊറോക്കോയിലെ അല്‍ഹൊസീമയിലുണ്ടായ ഭൂചലനത്തില്‍ 628 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1960ല്‍ അഗധിറില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12,000 പേര്‍ കൊല്ലപ്പെട്ടതാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലന ദുരന്തം.