X

മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്സ് ഫൈനല്‍ ഇന്ന്

സാധാരണ മൂന്നാം സ്ഥാന പോരാട്ടത്തിന് തിരക്കുണ്ടാവാറില്ല. പക്ഷേ ഇന്ന് ഖലീഫ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് മൂന്നാം സ്ഥാന പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം മറ്റൊന്നുമല്ല കളിക്കുന്നത് മൊറോക്കോയാണ്. മറുഭാഗത്ത് ക്രൊയേഷ്യക്കാരും. സ്വന്തം ടീമിന്റെ കളി കാണാനെത്തിയ അര ലക്ഷത്തോളം മൊറോക്കോക്കാര്‍ ഇവിടെ തങ്ങുകയാണ്. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടുവെങ്കില്‍ പോലും ടീം മൂന്നാം സ്ഥാനം നേടുന്നത് കാണാനാണ് ആവേശത്തോടെയുള്ള അവരുടെ കാത്തിരിപ്പ്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ അറബ് ടീം ലോകകപ്പിന്റെ സെമി കളിക്കുന്നത്. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ടീമിന്റെ സെമി പോരാട്ടം ആസ്വദിക്കാനെത്തിയവരില്‍ ഭൂരിഭാഗവും മടങ്ങിയിട്ടില്ല. അവധി ദിവസങ്ങളില്‍ അവര്‍ ഖത്തര്‍ കണ്ടു. ഇന്ന് ലൂസേഴ്‌സ് ഫൈനലില്‍ സ്വന്തം ടീം വിജയിക്കുന്നതും കണ്ട് മടങ്ങാനാണ് മോഹമെന്ന് മൊറോക്കോക്കാരനായ അലി വാസിവ് മഹ്തും ‘ചന്ദ്രിക’യോട് പറഞ്ഞു. ക്രൊയേഷ്യക്കാരില്‍ ഭൂരിഭാഗവും പക്ഷേ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

1998ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ പാട്രിക് ക്ലുവര്‍ട്ട് ഉള്‍പ്പെടുന്ന വിഖ്യാത ഡച്ച് സംഘത്തെ 1 – 2ല്‍ തോല്‍പ്പിച്ച് നേടിയ മൂന്നാം സ്ഥാനത്തിന് ശേഷം ക്രൊയേഷ്യ അവസാന ലോകകപ്പില്‍ രണ്ടാം സ്ഥാനത്ത് വരെയെത്തിയിരുന്നു . അവരുടെ നായകന്‍ ലുക്കാ മോഡ്രിച്ചിന് ഇന്ന് അവസാന ലോകകപ്പ് മല്‍സരം കൂടിയാണിത്.

Test User: