സുറിച്ച്: അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണ് മൊറോക്കോ. തട്ടുതകര്‍പ്പന്‍ ശൈലിയില്‍ ലോകകപ്പ് മഹാമാമാങ്കം ഖത്തറിന്റെ ആസ്ഥാനമായ ദോഹയില്‍ സമാപിച്ചപ്പോള്‍ കിരീടം അര്‍ജന്റീനയാണ് സ്വന്തമാക്കിയതെങ്കിലും ഫിഫ റാങ്കിംഗില്‍ വലിയ നേട്ടം മൊറോക്കോക്കാണ്. പ്രതീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി ആഫ്രിക്കന്‍ അറബ് രാജ്യം ലോകകപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു.
ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ മൊറോക്കോ പതിനൊന്നാം സ്ഥാനത്തേക്കാണ് ഓടിക്കയറിയത്. ചാമ്പ്യന്മാരായിട്ടും മെസിയുടെ അര്‍ജന്റീന രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ബ്രസീല്‍ തന്നെ. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് മൂന്നാമതും. മൊറോക്കോയാണ ഏറഅവും വലിയ നേട്ടം സമ്പാദിച്ചതെങ്കില്‍ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യക്കും കുതിപ്പുണ്ട്. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കാണ് അവര്‍ വന്നത്. ഏഷ്യന്‍ ടീമുകളില്‍ ഓസ്‌ട്രേലിയയാണ് നില മെച്ചപ്പെടുത്തിയത്.
ലോകകപ്പിന്റെ പ്രിക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി പിന്നീട് ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച കങ്കാരുക്കള്‍ പതിനൊന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27 ലെത്തി. കാമറൂണ്‍ പത്ത് സ്ഥാനം മുന്നോട്ട് കയറി 33 ലെത്തിയപ്പോള്‍ ആദ്യ റൗണ്ടില്‍ മെസിപ്പടയെ മറിച്ചിട്ട് അല്‍ഭൂതം കാട്ടിയ സഊദി അറേബ്യക്കാര്‍ 49 ലേക്ക് വന്നു. ഇന്ത്യ 106 ല്‍ നില്‍ക്കുന്നു.