X

നൈജീരിയന്‍ വംശീയ കലാപം; മരണം 200 കവിഞ്ഞു

അബൂജ: വംശീയകലാപം തുടരുന്ന മധ്യ നൈജീരിയയില്‍ ഒരാഴ്ചക്കിടെ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍ പെട്ട സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കാലികളെ മേയ്ക്കുന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ പറയുന്നത്.

ഇടയ വിഭാഗവും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുസ്്‌ലിം, ക്രിസ്ത്യന്‍ കലാപമായി വളര്‍ന്നിരിക്കുകയാണ്. വംശീയ കലാപങ്ങളും തീവ്രവാദവും നൈജീരിയയുടെ ആഭ്യന്തര സ്വസ്ഥതി നശിപ്പിച്ചിരിക്കുകയാണ്. 2009 മുതല്‍ ബോകോഹറം തീവ്രവാദികള്‍ ആരംഭിച്ച സായുധ പോരാട്ടത്തില്‍ ഇരുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അക്രമങ്ങള്‍ക്ക് അറുതിവരുത്തുമെന്ന വാഗ്ദാനവുമായാണ് പ്രസിഡന്റ് ബുഹാരി 2015ല്‍ അധികാരത്തിലെത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട ബുഹാരിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഈമാസം ആദ്യം പ്രതിപക്ഷം ഭീഷണി മുഴക്കിയിരുന്നു.

chandrika: