എവിടെ തുടങ്ങുമെന്നോ, എന്ന് പ്രവർത്തനം ആരംഭിക്കുമെന്നോ പ്രഖ്യാപിക്കാത്ത വയനാട് സർക്കാർ മെഡിക്കൽ കോളജിനായി കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസുകളും ആവശ്യമായ ജീവനക്കാരെയും നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ, മറ്റ് അടിസ്ഥാന വിവരങ്ങളോ ഇല്ലെങ്കിലും അടുത്ത കൊല്ലം തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. 300 കോടിയും ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 400 തസ്തികകളിൽ പ്രഥമ മുൻഗണനയും വയനാടിനും നൽകുമെന്നും ബജറ്റിലുണ്ട്. അതേസമയം ഡി.പി.ആർ തയ്യാറാക്കി റോഡ് നിർമ്മാണവും തുടങ്ങി, 68 കോടി രൂപ അനുവദിക്കുകയും ചെയ്ത മടക്കിമലയിലെ മെഡിക്കൽ കോളജ് പദ്ധതിയും ചുണ്ടേലിൽ വിലകൊടുത്ത് ഭൂമി വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള പദ്ധതിയും ഏറ്റവുമൊടുവിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കാനുള്ള പദ്ധതിയും അട്ടിമറിച്ച ഇടതുസർക്കാരിന്റെ ഒരിക്കലും നടക്കാത്ത പ്രഖ്യാപന തട്ടിപ്പായാണ് വയനാടൻ ജനത, തെരഞ്ഞെടുപ്പ് ബജറ്റിനെയും കാണുന്നത്. 2018ൽ ഇടതുസർക്കാർ ഭരണാനുമതി നൽകിയ 625.38 കോടി രൂപ എവിടെയെന്നും വയനാട്ടുകാർ ചോദിക്കുന്നു. എവിടെയാണ് മെഡിക്കൽ കോളജ് നിർമ്മാണം തുടങ്ങുക എന്ന അടിസ്ഥാന കാര്യം പോലും പറയാത്ത ബജറ്റ് തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം.
2015ൽ തറക്കല്ലിടുകയും നിർമ്മാണപ്രവൃത്തികൾക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കൽ കോളജിന് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും തറക്കല്ലിട്ടിരുന്നു. മെഡിക്കൽ കോളജ് ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിജലൻസ് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ഇടതു സർക്കാർ മൂന്ന് വർഷം തിരിഞ്ഞുനോക്കാതിരുന്ന അതേ സ്ഥലത്താണ് വീണ്ടും ഡി.പി.ആർ തയ്യാറാക്കുകയും 2018 ആഗസ്ത് 17ന് തറക്കല്ലിടൽ നടത്തുകയും ചെയ്തത്. നിർമ്മാണത്തിന് 625.38 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഒരുക്കങ്ങൾ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതി എന്ന ഒറ്റക്കാരണത്താൽ പൂർണ്ണമായും അവഗണിക്കുകയും, ഭൂമി നൽകിയ ചന്ദ്രപ്രഭ ട്രസ്റ്റുമായി കുടുംബബന്ധമുള്ള എം.പി വീരേന്ദ്രകുമാർ ഇടതുപാളയത്തിലേക്ക് മടങ്ങിയതോടെ അതേ ഭൂമിയിൽ തന്നെ നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്ത് ഇടതുസർക്കാർ മെഡിക്കൽ കോളജ് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു അക്കാലത്ത്.
എന്നാൽ സൗജന്യമായി ലഭിച്ച ഈ ഭൂമി ഉപേക്ഷിച്ച് ചുണ്ടേലിൽ ഭൂമി വിലക്ക് വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇടതുസർക്കാർ വീണ്ടും മലക്കം മറിഞ്ഞു. ഭൂമി വാങ്ങി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങുമെന്ന് 2018ൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ പറഞ്ഞെങ്കിലും ഇതും എവിടെയുമെത്തിയില്ല. ഇത്തവണയും ബജറ്റിൽ വൻപ്രഖ്യാപനമുണ്ടെങ്കിലും വയനാടൻ ജനത അത് മുഖവിലക്കെടുക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുമാത്രം മെഡിക്കൽ കോളജ് നിർമ്മാണം സർക്കാർ മരവിപ്പിച്ച ഇടതുസർക്കാർ വാഹനപാകടങ്ങളിലും തീപൊള്ളലിലുമടക്കം ഗുരുതര പരിക്കേറ്റ നൂറുകണക്കിന് നിസ്സഹായരായ മനുഷ്യജീവനുകളെയാണ് റോഡിൽ ഇല്ലാതാക്കിയത്.