X

കരളുറപ്പോടെ കേരളം; സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു, മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി കവിഞ്ഞു

പത്തനംത്തിട്ട: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു. 30 പേരുടെ മിലിട്ടറി എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോട്ടെത്തി. രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തും ക്യാമ്പു ചെയ്യുന്നു. പൂനെയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മറ്റൊരു സംഘം തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്നു.

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. അനുവദനീയമായ പരമാവധി ശേഷിക്കും മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 26000 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കന്റില്‍ 15,00,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 2401.2 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 70ഓളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. വടക്കന്‍ ജില്ലകളിലും മധ്യജില്ലകളിലുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. പത്തനംത്തിട്ട ജില്ലയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നു. പമ്പ നദീതീരത്ത് താഴ്ന്ന പ്രദേശത്ത് ഉള്ളവര്‍ സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് അറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്ന റാന്നിയില്‍ അഞ്ച് കെ.എസ്.ഇ.ബി തൊഴിലാളികള്‍ അടക്കം പലരും വീടുകളില്‍ മുകളില്‍ കുടുങ്ങികിടക്കുകയാണ്. വെളിച്ചക്കുറവുള്ളതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

chandrika: