തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സ്വിഫ്റ്റിന് കീഴിലേക്ക് കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ച പദ്ധതി മറ്റു നഗരങ്ങളിലും വൈകാതെ നടപ്പാക്കും. ക്രമേണ ഓപ്പറേറ്റിംഗ് സെന്ററുകളും സ്വിഫ്റ്റിന് കീഴിലേക്ക് മാറുന്നതോടെ കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം സിഫ്റ്റ് എന്ന കമ്പനിയായി മാറും.
തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ ലാഭകരമാക്കാനായി 50 ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകള്‍ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകളും സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.