കാഞ്ഞങ്ങാട്: മണ്‍സൂണില്‍ ജൂലായ് ഒന്ന് മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയില്‍. 1302 മി.മീ മഴ ലഭിച്ചാണ് കാസര്‍കോട് ഒന്നാമതായത്. സാധാരണ ലഭിക്കേണ്ടത് 1296.8 മി. മീറ്ററാണ്. കാസര്‍കോടിന് പിറകെ കണ്ണൂര്‍ ജില്ലയിലും കനത്ത മഴ ലഭിച്ചു. കണ്ണൂരില്‍ 998.5 മി.മീ മഴ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത് 985 മി.മീ മഴയുമായി മാഹിയുണ്ട്. കാസര്‍കോട് ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. കൂടാതെ സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെ ലഭിച്ച മഴ 636.7 മി.മീറ്ററാണ്. യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് 846 മി.മീ മഴയാണ്. 26 ശതമാനത്തിന്റെ കുറവാണ് ഈ സമയത്ത് മഴയിലുണ്ടായിരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം (263.2), കൊല്ലം (361.2) മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ മാസത്തിലാദ്യം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടക്കന്‍ മലബാറിലാണ്. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെയുണ്ടായ ന്യൂനമര്‍ദ്ദവും ആന്ധ്ര-ഒഡീഷ തീരത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ ശക്തമായ മഴക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവന്‍ എരിക്കുളം വ്യക്തമാക്കി.