X

‘ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ’; തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം) മനുഷ്യനോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക്. തെരഞ്ഞെടുപ്പില്‍ ഇ.വി. എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ഇ.വി.എം മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങാന്‍ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശം.

പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ അടുത്തിടെ നടന്ന വോട്ടിങ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാന്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ആവശ്യപ്പെട്ടിരുന്നു.

‘പ്യൂര്‍ട്ടോ റിക്കോയുടെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വോട്ടിങ് ക്രമക്കേടുകള്‍ അനുഭവപ്പെട്ടു. ഭാഗ്യവശാല്‍, ഒരു പേപ്പര്‍ ട്രയല്‍ ഉണ്ടായിരുന്നതിനാല്‍ പ്രശ്‌നം തിരിച്ചറിയുകയും വോട്ടുകളുടെ എണ്ണം ശരിയാക്കുകയും ചെയ്തു,’ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ എക്‌സില്‍ പറഞ്ഞിരുന്നു.എം.3 ഇ.വി.എമ്മുകള്‍ എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇ.വി.എമ്മുകള്‍ ഇന്ത്യ ഉപയോഗിക്കുമ്പോഴാണ്, അമേരിക്കയില്‍ ഇ.വി.എമ്മുകളെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാകുന്നത്.

webdesk13: