കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേരത്തെ തന്നെ അറിഞ്ഞിരുന്നതിന് കൂടുതല്‍ തെളിവ്. ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രീയും ആലഞ്ചേരിയും തമ്മില്‍ നടത്തിയ 14 മിനുട്ടുള്ള ഫോണ്‍ സംഭാഷണം പുറത്തായി. കന്യാസ്ത്രീ സഭക്കുള്ളിലെ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും പീഡനവിവരം പറഞ്ഞിരുന്നില്ലെന്നും കര്‍ദിനാള്‍ ആവര്‍ത്തിക്കുകയും കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയതിനും പിന്നാലെയാണ് ഫോണ്‍ സംഭാഷണം പുറത്തായത്. നേരത്തെ കന്യാസ്ത്രീ കര്‍ദിനാളിന് അയച്ച കത്തും പുറത്തായിരുന്നു. പീഡനത്തിന് ഇരായായിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ കര്‍ദിനാള്‍ പറയുന്നുണ്ട്. മഠത്തിലെ പ്രശ്‌നങ്ങളും പീഡന വിവരവും ഫോണ്‍ സംഭാഷണത്തില്‍ കന്യാസ്ത്രീ വിവരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആലഞ്ചേരി കന്യാസ്ത്രീയോട് പറയുന്നത്. ലത്തീന്‍ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാല്‍ പരാതി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണ്. പീഡന വിവരം താന്‍ ആരോടും തുറന്ന് പറയില്ല. താന്‍ ഈ വിവരം അറിഞ്ഞതായി പൊലീസ് ചോദ്യം ചെയ്താല്‍ പോലും പറയില്ല. ഈ പീഡനം തെളിയിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും കര്‍ദിനാള്‍ കന്യാസ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് നേരത്തെ മാധ്യമങ്ങളോടും പൊലീസിനോടും ആലഞ്ചേരി പറഞ്ഞിരുന്നു. മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി സുഭാഷിന് കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മൊഴി നല്‍കിയിരുന്നു. ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. കര്‍ദിനാളിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു.
കന്യാസ്ത്രീയും കര്‍ദിനാള്‍ ആലഞ്ചേരിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ; കന്യാസ്ത്രി: പിതാവെ കാര്യങ്ങള്‍ കൈവിടുകയാണ്. ജലന്ധറിലെ പീറ്റര്‍ എന്ന അച്ചന്‍ പരാതി കൊടുത്തുവെന്ന് പറഞ്ഞ് പഞ്ചാബ് പൊലീസ് വിളിച്ചിരുന്നു. അ്യൂഞ്ചു വര്‍ഷമായി കേരളത്തിലാണ് താമസമെന്നും പഞ്ചാബില്‍ വന്നിട്ടില്ലെന്നും പറഞ്ഞു. അച്ചനെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നാണ് പരാതി. ഇതിനിടെ കമ്യൂണിറ്റി മദറിന്റെ റിപ്പോര്‍ട്ട് കിട്ടിയെന്നും 18ന് മീറ്റിങിന് വരണമെന്നും പറഞ്ഞ് ജലന്ധറില്‍ നിന്നും കത്ത് കിട്ടി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നീതി നിഷേധിക്കുകയാണ്. ആലഞ്ചേരി: ഞാന്‍ പറഞ്ഞ പോലെ ചെയ്യണം, ഡല്‍ഹി കര്‍ദിനാള്‍ ഓസ്വാര്‍ഡിനെ കാണണം. എല്ലാം പറയണം. കന്യാസ്ത്രീ: അപ്പോയിന്റ്‌മെന്റ് കിട്ടുന്നില്ല. ആലഞ്ചേരി: എന്നാല്‍ മുംബൈ ആര്‍ച്ച് ബിഷപ്പിനെ കാണണം. കന്യാസ്ത്രീ: പിതാവ് അപ്പോയിന്റ്‌മെന്റ് എടുത്ത് തരുമോ?. ആലഞ്ചേരി: അതൊന്നും വേണ്ട, സഹോദരനുമൊത്ത് മുംബൈ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് പോകണം. അതിന് ശേഷം ആര്‍ച്ച് ബിഷപ്പിനെ കണ്ട് പരാതി കൊടുക്കണം, പോകുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ് കന്യാസ്ത്രി: കുടുംബത്തിലുള്ളവര്‍ പത്രസമ്മേളനം നടത്താനാണ് പറയുന്നത്. സിവില്‍ കേസ് കൊടുക്കാനും പറയുന്നു. ഒരിടത്തു നിന്നും നീതി കിട്ടുന്നില്ല. ആലഞ്ചേരി: എനിക്ക് നിങ്ങളുടേ മേല്‍ ഒരു നിയന്ത്രണവുമില്ല. നിങ്ങള്‍ വേറെ സഭയാ.കന്യാസ്ത്രീ: എങ്കിലും ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാര്‍ തന്നെയല്ലേ. ആലഞ്ചേരി: എന്നാല്‍ നിങ്ങള്‍ തിരിച്ചു വാ. ഞാന്‍ തിരിച്ചെടുക്കാം. തല്‍ക്കാലം നിങ്ങളുടെ വീടുകളില്‍ തിരകെ പോവുക. അതിന് ശേഷം പരാതിയുമായി എന്റെ അടുത്ത് വരിക. അപ്പോള്‍ ആ പരാതിയില്‍ ഞാന്‍ നടപടിയെടുക്കാം.. കന്യാസ്ത്രീ: അങ്ങനെ വന്നാല്‍ ഞങ്ങളെ കൈവിടുമോ? പരിഹാരം തരണം. ആലഞ്ചേരി: നിങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഇവിടെ ഒരു സമിതിയുണ്ട്. അവരുടെ മുന്നില്‍ ഈ വിഷയം വയ്ക്കും. അവരോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെടാം. അങ്ങനെ സഭയുടെ ഭാഗമാക്കാം. ഇതൊക്കെ ചെയ്യുന്നത് ഞാന്‍ പറഞ്ഞിട്ടാണെന്ന് ആരോടും പറയരുത്. നിങ്ങള്‍ സ്വമേധയാ ചെയ്യുന്നത് പോലെയാകണം. തല്‍കാലം ഉടുപ്പ് ഇട്ട് തന്നെ വീടുകളിലേക്ക് മടങ്ങുക. അതിന് ശേഷം എന്റെ അടുത്ത് വരിക. ഡല്‍ഹി കര്‍ദിനാള്‍ അപ്പോയിന്റ്‌മെന്റ് തരാതിരുന്നാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്.
കന്യാസ്ത്രീ: പീഡനത്തിന് ഇരയാകുന്ന നിരവധി കന്യാസ്ത്രീകളുണ്ട്. ആലഞ്ചേരി: എത്രപേരുണ്ട്?. കന്യാസ്ത്രീ: 25 പേര്‍, പഞ്ചാബികളും ഇതിലുണ്ട്. ആലഞ്ചേരി: പഞ്ചാബികളെ കൊണ്ടു വരരുത്. അത് വേറെ രീതിയിലാകും. മലയാളികള്‍ എല്ലാവരും കൂടെ സംഘടിക്കുക. അതിന് ശേഷം ഉടുപ്പിട്ട് വീട്ടിലേക്ക് മടങ്ങുക. എന്നിട്ട് വന്നാല്‍ മതി. കന്യാസ്ത്രീ: വീട്ടുകാര്‍ പറയുന്നത് സിവില്‍ കേസ് കൊടുക്കാനാണ്?. ആലഞ്ചേരി: അഡ്വക്കേറ്റുമായി ആലോചിച്ച് കേസ് കൊടുക്കണം. തെളിവുണ്ടെങ്കില്‍ അവിടെ പറയണം. തെറ്റ് ചെയതവര്‍ പഠിക്കട്ടേ. എവിടെയാ കേസ് കൊടുക്കുക?. കന്യാസ്ത്രീ: നാട്ടിലെ പൊലീസ് സ്‌റ്റേഷനില്‍. ആലഞ്ചേരി: അഡ്വക്കേറ്റ്‌സുമായി ആലോചിച്ച് ചെയ്യണം. സഹോദരോടും ആലോചിക്കണം. . കന്യാസ്ത്രീ: ഉടുപ്പിട്ടിട്ട് തന്നെ കേസ് കൊടുത്തുകൂടേ. ആലഞ്ചേരി: അഡ്വക്കേറ്റ്‌സിനോട് ആലോചിക്കുക. എന്നോട് പൊലീസിനോട് ചോദിച്ചാല്‍ എനിക്ക് അറിയില്ലെന്ന് പറയും. കന്യാസ്ത്രീ: ഞാന്‍ തന്ന പരാതി അവിടെ ഇല്ലേ. ആലഞ്ചേരി: അത് ഇവിടെ ഉണ്ട്. നിങ്ങള്‍ എന്ത് ചെയ്താലും നിങ്ങള്‍ സ്വയം ചെയ്യുന്നതായി വരണം. ഞാന്‍ പറഞ്ഞിട്ടാണെന്ന് വരരുത്.