കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി ബിഷപ്പിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നരിക്കുന്നത്.
കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നാണ് വിവരം.
കേരളത്തില്‍ നിന്ന് പരാതി നല്‍കിയവരില്‍ ചിലര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കാനും കേസുമായി മുന്നോട്ടുപോകാനും തയ്യാറായിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.
പരാതികള്‍ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ എത്രപേര്‍ പരാതി നല്‍കിയെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം വിധിപറയും. പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷയും വിധി പറയാന്‍ മാറ്റി. കേസില്‍ വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പറഞ്ഞു.