ന്യൂഡല്‍ഹി: മോര്‍ബിയിലെ തൂക്കുപാലം പുനര്‍നിര്‍മിച്ചത് പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയെന്ന് ആരോപണം. സി.എഫ്.എല്‍. ബള്‍ബുകളും ക്ലോക്കുകളും ഇലക്ട്രിക് ബൈക്കുകളും നിര്‍മിക്കുന്ന കമ്പനിക്കാണ് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒറേവ എന്ന സ്വകാര്യ ട്രസ്റ്റിനാണ് കരാര്‍ ലഭിച്ചതെന്നാണ് വിവരം. ഔദവ്ജി രാഖവ്ജി പട്ടേല്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനി അജന്ത, ഒര്‍പാറ്റ് ബ്രാന്‍ഡുകളില്‍ ക്ലോക്കുകള്‍ നിര്‍മിച്ചാണ് പ്രശസ്തമായത്. പിന്നീട് കമ്പനി ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണത്തിലേക്ക് കടന്നു. കാല്‍ക്കുലേറ്ററുകളും സെറാമിക് ഉത്പന്നങ്ങളും ഇ ബൈക്കുകളും കമ്പനി വിപണിയിലിറക്കുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് പാലം അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനുമുള്ള കരാര്‍ കമ്പനിക്ക് ലഭിക്കുന്നത്. മോര്‍ബി മുന്‍സിപ്പാലിറ്റിയാണ് കരാര്‍ നല്‍കിയത്. പ്രവൃത്തിപരിചയമില്ലെന്ന ആരോപണത്തെക്കുറിച്ച് വിശദീകരണം ചോദിക്കാന്‍ കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മധ്യഭാഗത്തുണ്ടായിരുന്ന ആളുകള്‍ പാലം കുലുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് സംഭവം നടന്നയുടനെ കമ്പനിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരുന്നു. 6,000ലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനമെന്നതടക്കമുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉണ്ടെങ്കിലും നിര്‍മാണ മേഖലയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി അവര്‍ എവിടെയും വ്യക്തമാക്കുന്നില്ല. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പാണ് നിര്‍മാണ കമ്പനി പാലം തുറന്നുകൊടുത്തതെന്ന് നേരത്തെ മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
‘ഇതൊരു സര്‍ക്കാര്‍ ടെന്‍ഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറേവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു’- എന്നാണ് നഗരസഭയുടെ വിശദീകരണം.