X

മോദി രണ്ടാമന്‍; നോട്ടുകള്‍ ആദ്യം പിന്‍വലിച്ചത് മൊറാര്‍ജി ദേശായിയുടെ കാലത്ത്

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് രാജ്യത്ത് ആദ്യമായി കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മൊറാജി ദേശായിയുടെ കാലത്ത്. 1978ല്‍ ജനതാദള്‍ നേതാവ് ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു സുപ്രധാനമായ നോട്ടു പിന്‍വലിക്കല്‍ നീക്കം നടന്നത്. അന്ന് 100 രൂപക്കു മുകളിലുള്ള എല്ലാ നോട്ടുകളും പൂര്‍ണമായും പിന്‍വലിച്ചിരുന്നു. 500, 1000, 5000, 10000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചാണ് 38 വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശായി വിപ്ലവം സൃഷ്ടിച്ചത്. അന്നു പിന്‍വലിച്ച ആയിരം രൂപയുടെ നോട്ടുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീട് തിരിച്ചുവന്നത്.


ജനുവരി 16ന് ചേര്‍ന്ന കാബിനറ്റ് യോഗത്തിനു ശേഷം പ്രസിഡന്റ് സജ്ഞീവ റെഡ്ഡിയായിരുന്നു ആദ്യ നോട്ടു പിന്‍വലിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 17ന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. സാധാരണക്കാരെ കാര്യമായി ബാധിച്ചില്ലെങ്കിലും വന്‍കിട ഇടപ്പാടുകള്‍ക്ക് ശക്തമായ തിരിച്ചടിയായിരുന്നു ദേശായി സര്‍ക്കാറിന്റെ നീക്കം. മുംബൈ കേന്ദ്രീകരിച്ച് കള്ളപ്പണക്കാര്‍ ആയിരം രൂപയുടെ നോട്ടുകള്‍ 500 രൂപക്കു വിറ്റഴിച്ചത് വാര്‍ത്തയായിരുന്നു. അഞ്ച് ചതുരശ്ര അടി ഭൂമിക്ക് മുംബൈയില്‍ അന്ന് 1000 രൂപയായിരുന്നു വിലയെന്നിരിക്കെ കള്ളപ്പണക്കാരുടെ നോട്ടുവില്‍പന സാധാരണക്കാര്‍ക്ക് അനുകൂലമായി.

10000 രൂപയുടെ കറന്‍സിയാണ് ആര്‍ബിഐ പുറത്തിറക്കിയ ഏറ്റവും ഉയര്‍ന്ന തുക. 1938ല്‍ അതായത്, ബ്രിട്ടീഷ് ഭരണകാലത്താണ് 10000ത്തിന്റെ നോട്ടുകള്‍ ആദ്യമായി അച്ചടിച്ചത്. ഇതിന്റെ പുതുക്കിയ രൂപം 1954ല്‍ പുറത്തിറങ്ങി.

ദേശായി അധികാരത്തിലേറുമ്പോള്‍ ഇന്ത്യയില്‍ ആയിരം, അയ്യായിരം, പതിനായിരം നോട്ടുകള്‍ നിലവിലുണ്ട്. എന്നാല്‍ കള്ളപ്പണവും കള്ളനോട്ടും വ്യാപകമായതോടെ അദ്ദേഹം നൂറിനു മുകളിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് 1987ല്‍ 500ന്റെയും 2000ല്‍ വാജ്്‌പേയുടെ കാലത്ത് ആയിരത്തിന്റെയും നോട്ടുകള്‍ തിരിച്ചുവന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ബിസിനസ് ഇടപാടുകള്‍ സുഗമമാക്കുമെന്ന വാദത്തിലാണ് ഇവ വീണ്ടും പുറത്തിറക്കിയത്.

chandrika: