X

പുഴയോരത്ത് കാറ്റുകൊള്ളാന്‍പോയ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം

മാവേലിക്കരയില്‍ നദീ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കൈയേറ്റം ചെയ്ത് സദാചാരവാദികള്‍. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്‍ക്കു നേരെയാണ് സദാചാരവാദികള്‍ ഗുണ്ടായിസം കാണിച്ചത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കണ്ടിയൂര്‍ സ്വദേശികളായ കണ്ണന്‍, അനന്തു, വസിഷ്ഠ്, അനൂപ്, മിഥുന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ദമ്പതികളെ കണ്ടിയൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടോടെ അച്ചന്‍കോവിലാറിന്റെ തീരത്തെ കണ്ടിയൂര്‍ കടവിലാണ് സംഭവം നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന ശിവപ്രസാദ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം മാവേലിക്കരയിലെത്തിയതായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെയാണ് ഇവര്‍ പുഴയോരത്തേക്ക് നീങ്ങിയത്.

ഇതോടെ സ്ഥലത്ത് തമ്പടിച്ചിരുന്ന അക്രമികളിലൊരാള്‍ കമിതാക്കളെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്യുകയും വിവാഹഫോട്ടോ ആവശ്യപ്പെടുകയുമായിരുന്നു. വിവാഹഫോട്ടോ കാണിച്ചിട്ടും ആധിക്ഷേപം തുടര്‍ന്നതോടെ തര്‍ക്കമാവുകയും പിന്നാലെയെത്തിയ നാലുപേര്‍ കൂടി ദമ്പതികളെ മര്‍ദിക്കുകയായിരുന്നു.

chandrika: