കോട്ടയം: അര്‍ധരാത്രിയില്‍ കോളജ് വിദ്യാര്‍ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. വേളൂര്‍ വേളൂത്തറ വീട്ടില്‍ മുഹമ്മദ് അസ്ലം (29), മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹല്‍ അനസ് അഷ്‌കര്‍ (22),കുമ്മനം ക്രസന്റ് വില്ല യില്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരത്തിലെ പ്രമുഖ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും ആണ്‍സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചത്. അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങള്‍ നല്‍കുന്നതിനായി ജില്ല ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഇതിനിടയില്‍ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമന്റടിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീല കമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തട്ടുകടയില്‍ നിന്ന് സ്‌കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ ഇവര്‍ കാറില്‍ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുവരെയും അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പത്ത് മിനിട്ടോളം ക്രൂരമായി അക്രമികള്‍ മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാണികളായി നില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വെസ്റ്റ് പോലീസിലെ കണ്‍ട്രോള്‍ റൂമിലെ സി സി ടി വിയില്‍ മര്‍ദ്ദന ദൃശ്യം കണ്ടതിനെ തുടന്ന് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് വിവരമറിഞ്ഞ്് സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷം, പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അടക്കമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.