മതേതര ഭാരതത്തിന്റെ ആകാശത്ത് പ്രതീക്ഷയുടെ ചന്ദ്രപ്പിറവിയായിരിക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം. രാജ്യം ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുകയും ന്യൂനപക്ഷങ്ങള്‍ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹിത പാരമ്പര്യത്തിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനുള്ള ഉജ്ജ്വല ചിന്തകളാണ് ത്രിദിന സമ്മേളനത്തില്‍ ഉയര്‍ന്നത്. കാലഘട്ടത്തിന്റെ അനിവാര്യതപോലെ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പിറന്നുവീണ പ്രസ്ഥാനം എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മതേതര ഭാരതത്തിന് എത്രമേല്‍ അനിവാര്യമാണെന്ന് ചെന്നൈ മഹാനഗരം ഇന്നലെ തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1600 പ്രതിനിധികള്‍ക്കൊപ്പം, രാഷ്ട്രീയ നിരീക്ഷകരും ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം സമ്മേളന കാലയളവില്‍ ചര്‍ച്ചചെയ്തത് ന്യൂനപക്ഷ സംഘശക്തിയെ രാജ്യ വ്യാപകമായി ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ്.
ഫാസിസത്തെ നേരിടാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രഖ്യാപിത നിലപാട് വീണ്ടും വീണ്ടും ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ചെന്നൈ സമ്മേളനം. അധികാരത്തിന്റെ തണലില്‍ വര്‍ഗീയത ഫണംവിടര്‍ത്തി നൃത്തം ചെയ്യുമ്പോള്‍ ഇനിയും അമാന്തിച്ചുനില്‍ക്കാന്‍ സമയമില്ലെന്ന് ജനാധിപത്യ പ്രസ്ഥാനങ്ങളെ പാര്‍ട്ടി ഉണര്‍ത്തുകയാണ്. മതേതര ഐക്യത്തിലൂടെ അത്തരം ശക്തികളെ പ്രതിരോധിച്ചു നിര്‍ത്തിയതിന്റെ വിജയകരമായ മാതൃകകളും സമ്മേളനം മുന്നോട്ടുവെക്കുകയുണ്ടായി. ഈ ഉദാഹരണങ്ങളില്‍ ഒന്നു കേരളമാണെങ്കില്‍ മറ്റൊന്ന് തമിഴ്‌നാടാണ്. മതേതരത്വത്തിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നിന്നതിലൂടെ ന്യനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ നാട് ഒന്നടങ്കം പുരോഗതി പ്രാപിച്ചതിന്റെ ഉദാഹരണമാണ് കേരള മോഡലിലൂടെ സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ ജനാധിപത്യ ശക്തികള്‍ ഒരു പ്രസ്ഥാനത്തോടൊപ്പം ഒരു നേതാവിന്റെ കീഴില്‍ ഒരമിച്ചു നിന്നതിന്റെ ഫലമായി വര്‍ഗീയ ശക്തികള്‍ തോറ്റോടിയതിന്റെ നേര്‍ച്ചിത്രമാണ് തമിഴ്‌നാട് സമ്മാനിക്കുന്നത്. ഈ രണ്ടു മാതൃകകളുമാണ് രാജ്യത്തിന്റെ വിജയ വഴി എന്നു സമ്മേളനം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നേതാക്കന്‍മാര്‍ രാജ്യത്തിന്റെ ഭാവിയെ തങ്ങളുടെ അകക്കണ്ണുകൊണ്ടു നോക്കിക്കണ്ടവരായിരുന്നു. അതുകൊണ്ടു തന്നെ മതേതരത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മനോഹരമായ ആ ആശയത്തിന് ക്ഷീണം വരുത്തുന്ന എല്ലാ ശ്രമങ്ങളും അപകടകരമാണെന്നും അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതിരൂപമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മതേതര വിശ്വാസികളുടെ പിന്തുണയുണ്ടാകണമെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ അസ്ഥിരപ്പെടുത്തിയാല്‍ പകരം വരുന്നത് വര്‍ഗീയതയായിരിക്കുമെന്നും മുസ്‌ലിംലീഗ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടേയിരുന്നു. പക്ഷേ പലരും ഇത് ഗൗരവത്തിലെടുക്കാതിരിക്കുകയും കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വര്‍ഗീയ ശക്തികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിനോടുള്ള അന്തമായ വിരോധത്താല്‍ അറിഞ്ഞോ അറിയാതെയോ അവരെല്ലാം വര്‍ഗീയ ശക്തികളുടെ കുഴലൂത്തുകാരമായി മാറുകയും രാജ്യം ആര്‍.എസ്.എസിന്റെ സമ്പൂര്‍ണാധിപത്യത്തിനു കീഴിലാവുകയും ചെയ്തിരിക്കുകയാണ്. ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നിന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും കാലം അത്തരം ശക്തികളെ അടയാളപ്പെടുത്തുക എന്ന രാഷ്ട്രീയ പ്രഖ്യാപനമാണ് ഇന്നലെ മുസ്‌ലിം ലീഗ് നടത്തിയത്.
ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷാ കവചം ന്യൂനപക്ഷ രാഷ്ട്രീയം മാത്രമാണെന്നും ചെന്നൈ തെളിയിക്കുന്നു. ഖാഇദേ മില്ലത്തിന്റെ ചിന്താ ധാരകള്‍ക്ക് പിന്‍ബലവും പിന്തുടര്‍ച്ചയും നല്‍കിയവര്‍ ജനാധിപത്യത്തിന്റെ അനന്ത സാധ്യതകളിലൂടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം പുരോഗതിയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറിയപ്പോള്‍ അതിനെ സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ചവര്‍ ആ നിമിഷങ്ങളെയോര്‍ത്ത് സങ്കടപ്പെടുകയാണ്. അതുകൊണ്ട് തന്നെ മനോഹരമായ ഈ ആശയത്തെ രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന പ്രതിജ്ഞയുമായാണ് പ്രതിനിധികള്‍ പിരിയുന്നത്. പ്ലാറ്റിനം ജൂബിലി സമ്മേളനം ആത്മാഭിമാനത്തിന്റെ പച്ചപ്പതാകയെ കൂടുതല്‍ ഉയരത്തില്‍ പാറിക്കാനുള്ള കരുത്തായി മാറിയിരിക്കുകയാണ്.