X

മൂന്നാര്‍ ഭൂമി കയ്യേറ്റം: സി.പി.ഐയും സി.പി.എമ്മും അടി തുടങ്ങിയിട്ട് 27 വര്‍ഷം

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നാടകങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് സി.പി.ഐ-സി.പി.എം തര്‍ക്കം. 1980 മുതല്‍ ആരംഭിച്ച തര്‍ക്കം 2017ലെത്തുമ്പോള്‍ അത് സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഉലക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഭൂമി വിതരണത്തിന്റെ അവകാശവാദം ഉന്നയിക്കാന്‍ ഇരുപാര്‍ട്ടികളും നടത്തുന്ന അന്തര്‍നാടകങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന് മൂന്നാറിലെ ഭൂമിവിഷയം സംബന്ധിച്ച് ചേര്‍ന്ന ഉന്നത യോഗം തന്നെ തെളിവ്.

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാറില്‍ നടത്തുന്ന പട്ടയ മേളയുടെയും വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയുടെയും ക്രഡിറ്റ് സി.പി.ഐ ഒറ്റക്ക് തട്ടിയെടുക്കാന്‍ നടത്തിയ നീക്കങ്ങളാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. നാല് പതിറ്റാണ്ടോളമായി ഇടുക്കിയില്‍ തുടരുന്ന സി.പി.ഐ-സി.പി.എം തര്‍ക്കങ്ങള്‍ക്ക് ഭൂമി കയ്യേറ്റവുമായാണ് ബന്ധം. മൂന്നാര്‍ മേഖലയില്‍ എ.ഐ.ടി.യു.സിക്കും സി.പി.ഐക്കുമുള്ള മേധാവിത്വം വഴി മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വലിയ പാര്‍ട്ടിയാണ് സി.പി.ഐ. തൊഴിലാളികള്‍ക്കിടയില്‍ സി.പി.ഐക്കുള്ള സ്വാധീനത്തെ മറികടക്കാന്‍ സി.പി.എം കയ്യേറ്റക്കാര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന ആരോപണമാണ് ഇടുക്കിയില്‍ ഉയരുന്നത്. ഇടതുമുന്നണി രൂപീകരിച്ച 80 മുതല്‍ ഇരുപാര്‍ട്ടികളും ഒരു മുന്നണിയിലാണെങ്കിലും പരസ്പരം പോരടിച്ചു തന്നെയാണ് ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ കുട്ടിയാവര്‍വാലിയില്‍ നാലായിരത്തോളം പേര്‍ക്ക് ഭുമി നല്‍കിയിരുന്നു. പട്ടയം നല്‍കിയതല്ലാതെ ഇവര്‍ക്ക് ഭൂമി അളന്ന് തിരിച്ച് നല്‍കിയിരുന്നില്ല. അന്തോണിയാര്‍ കോളനിയില്‍ പട്ടയം നല്‍കാന്‍ ഭൂമി കണ്ടെത്തിയെങ്കിലും ഇതിപ്പോള്‍ കയ്യേറ്റക്കാരുടെ പക്കലാണ്. ദേവികുളത്തും ഭൂരഹിതര്‍ക്ക് നല്‍കാന്‍ കണ്ടെത്തിയ ഭൂമി ചിലര്‍ കയ്യേറിയിട്ടുണ്ട്. ഇ.ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായതോടെ പതിച്ചു നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് പതിച്ചു നല്‍കാനും നടപടി സ്വീകരിച്ചുവരികയായിരുന്നു. ഈ തീരുമാനമാണ് കഴിഞ്ഞ ഉന്നതയോഗത്തില്‍ അട്ടിമറിച്ചത്. പത്ത് സെന്റില്‍ താഴെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടെന്ന തീരുമാനം വരുന്നതോടെ, ദേവികുളത്തും അന്തോണിയാര്‍ കോളനിയിലും ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വരും. പകരം ഇപ്പോള്‍ കയ്യേറിയവര്‍ക്ക് പട്ടയം നല്‍കേണ്ട സ്ഥിതിയിലാകും റവന്യൂ വകുപ്പ്. സി.പി.ഐക്ക് ഈ നടപടിയില്‍ കോട്ടവും സി.പി.എമ്മിനും നേട്ടവുമുണ്ടാകുമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.
ഇടതുസര്‍ക്കാറുകളില്‍ റവന്യൂ വകുപ്പ് സി.പി.ഐക്ക് ലഭിക്കുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ പട്ടയ വിതരണത്തിന്റെ ക്രഡിറ്റ് എപ്പോഴും സി.പി.ഐക്കാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഇത് ഇല്ലാതാകുമെന്നതാണ് സി.പി.ഐയെ ഭയപ്പെടുത്തുന്നത്. 1996ലാണ് മൂന്നാറില്‍ പട്ടയം നല്‍കാന്‍ തീരുമാനമായത്. അന്നും റവന്യൂ വകുപ്പ് സി.പി.ഐക്കായിരുന്നു. രവീന്ദ്രന്‍ പട്ടയം ഉള്‍പ്പെടെ വ്യാജപട്ടയങ്ങളുടെ ബലത്തില്‍ ആയിരക്കണക്കിന് ഏക്കറാണ് മൂന്നാറില്‍ കയ്യേറിയത്. ഇതിന് പുറമേയാണ് വന്‍കിട കയ്യേറ്റങ്ങള്‍. വന്‍കിട കയ്യേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിക്കുന്നതും സി.പി.ഐ ആണ്. കയ്യേറ്റക്കാര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുന്ന സി.പി.ഐയാണ് മൂന്നാറില്‍ വി.എസിന്റെ പൂച്ചകളുടെ ജെ.സി.ബി തടഞ്ഞത്. ഇപ്പോള്‍ സി.പി.ഐയുടെ ജെ.സി.ബി മുഖ്യമന്ത്രി പിണറായിയും നിരോധിച്ചു. സി.പി.ഐ ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സി.പി.ഐ പ്രതികരിച്ചിട്ടില്ല.

chandrika: