മൂന്നാര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍. സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ വിജയനും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുമാണ് വി.എസിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ലെന്നായിരുന്നു വിജയന്റെ കുറ്റപ്പെടുത്തല്‍. യു.ഡി.എഫ് ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി എന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
അതിരൂക്ഷമായ ഭാഷയിലായിരുന്നു ഏരിയ കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍.
”വി.എസ് കഥയറിയാതെ ആട്ടം കാണുകയാണ്. തിരുവനന്തപുരത്തെ എ.സി റൂമില്‍ ഇരിക്കുന്ന വി.എസ് അച്യുുതാനന്ദന് മൂന്നാറിനേയും ജനങ്ങളേയും കുറിച്ച് യാതൊരു ചുക്കുമറിയില്ല. ജനങ്ങളുടെ ജീവിത രീതിയെ കുറിച്ച് പഠിക്കാത്തവരാണ് എ.സിയില്‍ ഇരുന്ന് പ്രസ്താവനയിറക്കുന്നവര്‍. ഇത് വന്‍കിടക്കാരെ സഹായിക്കാനാണ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രായപൂര്‍ത്തിയായ പെണ്മക്കളോടൊപ്പം കടത്തിണ്ണയില്‍ കിടന്നുറങ്ങണമെന്നാണോ വി.എസ് പറയുന്നത്?”- കെ.കെ വിജയന്‍ ചോദിച്ചു.
മൂന്നാറിനെ തകര്‍ക്കാന്‍ വി.എസിനൊപ്പം കൈകോര്‍ത്ത എ. സുരേഷ് കുമാറിന്റെ പാതപിന്‍പറ്റിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം നടപടികള്‍ക്ക് എല്‍.ഡി.എഫിന്റെ പിന്തുണയില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് വിവരാവകാശ രേഖകള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവും മുന്‍ ദേവികുളം എം.എല്‍.എയുമായ എ.കെ. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും സജീവമായതോടെയാണ് വി.എസ് ഇവര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വി.എസിനെതിരെ സംസാരിച്ചത്.
”ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന്‍ കാണാതെ പോയത് ദൗര്‍ഭാഗ്യകരമായി. പ്രതിപക്ഷ നേതാവായിരുന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായി കാണുന്നില്ല. എസ്.രാജേന്ദ്രന്‍ എം.എല്‍.എ കൈയേറ്റക്കാരനാണെന്ന് ഇപ്പോള്‍ കണ്ടെത്തിയ വി.എസ് ഒരു പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാകാം യു.ഡി.എഫ് ഭരണകാലത്തെ കയ്യേറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. അദ്ദേഹത്തിന്റെ ഉപദേശകരോ മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിഗൂഢ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോ അന്ന് ഇക്കാര്യം വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല. എട്ടു സെന്റ് പട്ടയഭൂമിയുളള രാജേന്ദ്രനെ കയ്യേറ്റക്കാരനാക്കാനാണ് ചിലരുടെ നീക്കം.
വി.എസ് മൂന്നാറില്‍ വരുന്നതിനെ പാര്‍ട്ടി ജില്ലാ നേതൃത്വം എതിര്‍ത്തിട്ടില്ല.മറ്റാരുടെയെങ്കിലും താല്‍പര്യത്തിന് വഴങ്ങിയാണ് വി.എസിന്റെ നിലപാടുകള്‍ എന്ന് കരുതുന്നില്ല. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസിനെ അങ്ങനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല” – അദ്ദേഹം പറഞ്ഞു. വി.എസ് മൂന്നാറില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി ഒപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.
മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി വിധി ദേവികുളം സബ് കലക്ടര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് വ്യാഖ്യാനിച്ച്് പാവപ്പെട്ടവരെ വലച്ചതിനെതിരെയാണ് സി.പി.എം സമരം നടത്തിയത്. മൂന്നാര്‍ എന്നതിന്റെ പരിധി ഇപ്പോള്‍ എറണാകുളം ജില്ലയിലുളള കുട്ടമ്പുഴ പഞ്ചായത്തിലേക്ക് വരെ ചില ഉദ്യോഗസ്ഥര്‍ വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.