X

ചന്ദ്രതാരം- പ്രതിഛായ

ഒന്നും രണ്ടുമല്ല, ഏഴു പതിറ്റാണ്ടായി കൈവിട്ടുപോയൊരു വസ്തുവിനെ തിരികെകൊണ്ടുവരിക. നാടുവിട്ടുപോയവര്‍ ഇത്തരത്തില്‍ തിരിച്ചെത്തിയതായി കേട്ടിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ എയര്‍ഇന്ത്യയെ പഴയ തറവാട്ടുമുറ്റത്തേക്ക് തിരിച്ചെത്തിച്ചതില്‍ നടരാജന്‍ ചന്ദ്രശേഖരന്‍ എന്ന തമിഴ്‌നാട്ടുകാരന്റെ ബുദ്ധിയും വൈഭവവും സമ്മതിച്ചേതീരൂ. വെറുതെയല്ല, റ്റാറ്റാ കുടുംബത്തിലെ കാരണവര്‍ രത്തന്‍ റ്റാറ്റാ തന്നെ ചന്ദ്രശേഖരനെ വാനോളം പ്രശംസിച്ച് കഴിഞ്ഞദിവസം സന്ദേശമിട്ടത്. 1932ല്‍, അതായത് സ്വാതന്ത്ര്യത്തിനുമുമ്പുള്ള ബ്രിട്ടീഷ് കോളനിക്കാലത്ത് ജംഷട്ജി റ്റാറ്റ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ വിമാനക്കമ്പനിയെ പൊതുമേഖലയില്‍നിന്ന് ഏറ്റെടുത്ത് തറവാട്ടുമുറ്റത്ത് കൊണ്ടുചെന്ന് നിര്‍ത്തിയതില്‍ ഈ നാമക്കല്‍ സ്വദേശിക്ക് വലിയ പങ്കാണുള്ളത്. ഇദ്ദേഹമാണ് റ്റാറ്റാഗ്രൂപ്പ് കമ്പനികളുടെ നിലവിലെ ചെയര്‍മാനും നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടറും.

ഇക്കഴിഞ്ഞ 73-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടുപിറ്റേന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തുന്നതും ഔദ്യോഗികമായി എയര്‍ഇന്ത്യയെ റ്റാറ്റാ ഏറ്റെടുക്കുന്നതും. 28ന് നടത്തിയ ആദ്യ മുംബൈ സര്‍വീസില്‍തന്നെ ഭക്ഷണത്തിലും യാത്രക്കാരോടുള്ള പെരുമാറ്റത്തിലും കാതലായ മാറ്റങ്ങളാണ് എയര്‍ഇന്ത്യ റ്റാറ്റാ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയുള്ള കാലം ചന്ദ്രശേഖരന്റെയും റ്റാറ്റാകുടുംബത്തിന്റെയും തീരുമാനങ്ങളും നടപടികളുമാകും ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ ഭാവിയും പ്രതിച്ഛായയും നിര്‍മിക്കുക.

18000 കോടി രൂപക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ഇന്ത്യയുടെ നൂറു ശതമാനം ഓഹരി റ്റാറ്റാക്ക് വില്‍പന നടത്തിയിരിക്കുന്നത്. ഇതില്‍ 15,300 കോടി കടം തിരിച്ചടക്കാനാണ്. സര്‍ക്കാരിനാണ് ബാക്കി. 63000 കോടി രൂപയാണ് കടം. പ്രതിദിനം 20 കോടി. രാജ്യത്തെ 27 ശതമാനം വിമാനയാത്രക്കാരും നിലവില്‍ എയര്‍ഇന്ത്യയെയാണ് വിദേശ-സ്വദേശയാത്രക്കായി ആശ്രയിക്കുന്നത്. അത് വര്‍ധിപ്പിച്ച് ലാഭത്തിലാക്കുകയുമാണ് ചന്ദ്രശേഖരന് മുന്നിലെ മുഖ്യദൗത്യം. 35 കൊല്ലത്തെ സേവനമാണ് നടരാജന്‍ ചന്ദ്രശേഖരന് റ്റാറ്റായിലുള്ളത്. 1953ല്‍ ഇന്ത്യാസര്‍ക്കാര്‍ പൊതുമേഖലാവല്‍കരണത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥാപനമാണ് നഷ്ടത്തിന്റെ പേരില്‍ മോദി പഴയ ഉടമകള്‍ക്ക് തിരിച്ചുകൊടുത്തിരിക്കുന്നത്. കോളജ് കാലത്ത് ടി.സി.എസ് ജോലിക്കാരനായി എത്തിയയാളാണ് ഇന്ന് അതിന്റെയും റ്റാറ്റാകമ്പനികളുടെയും തലപ്പത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യമേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സ്ഥാപനമാണിത്. റ്റാറ്റാസണ്‍സിന്റെ കീഴിലാണ് റ്റാറ്റാസ്റ്റീല്‍, റ്റാറ്റാപവര്‍, റ്റാറ്റാ മോട്ടോഴ്‌സ്, റ്റാറ്റാ ബിവറേജസ് തുടങ്ങിയവയെല്ലാം. 2018 മുതല്‍ 2020വരെ സൈറസ് മിസ്ട്രിയായിരുന്നു റ്റാറ്റാസണ്‍സിന്റെ ചെയര്‍മാന്‍. 2016മുതല്‍ റിസര്‍വ്ബാങ്ക് ഡയറക്ടര്‍മാരിലൊരാള്‍കൂടിയാണ് ചന്ദ്രശേഖരന്‍. ഇന്ത്യയുടെ അമേരിക്ക, ജപ്പാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍തമ്മിലുള്ള സാമ്പത്തിക ഫോറത്തിന്റെ സജീവാംഗവും 2015ലെ ദാവോസ് ലോകസാമ്പത്തിക ഉച്ചകോടിയിലെ വിവരസാങ്കേതിക വിദ്യാവിഭാഗത്തിന്റെ ചെയര്‍മാനുമായിരുന്നു. കോയമ്പത്തൂരിലും ബി.ടെക് നേടി. തിരുച്ചിറപ്പള്ളി എഞ്ചിനീയറിങ് കോളജില്‍നിന്ന് 1987ല്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയയുടന്‍ ടി.സി.എസ്സിലെത്തിയ ചന്ദ്രശേഖരനെതേടി ലോകത്തെ പല സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റുകളെത്തി. നല്ലൊരു ഓട്ടക്കാരനും സംഗീതപ്രിയനുമായ ചന്ദ്രശേഖരന്‍ 2015ല്‍ അഞ്ചാം തവണ തുടര്‍ച്ചയായി ബെസ്റ്റ് സി.ഇ.ഒ ബഹുമതി നേടി. പ്രായം 58. മുംബൈയിലാണിപ്പോള്‍ സ്ഥിരതാമസം. ലളിതയാണ് ഭാര്യ. പ്രണവ് മകനും.

Test User: