X

തോല്‍വിമുഖത്ത് രക്ഷകനായി ബാര്‍സക്ക് മെസി

മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍ ടീം 2-2 ന് മാനം കാത്തു. ലാലീഗ സീസണില്‍ ഇത് വരെ തോല്‍ക്കാതിരുന്ന ടീമാണ് ബാര്‍സ. പക്ഷേ ഇന്നലെ അവര്‍ 88-ാം മിനുട്ട് വരെ രണ്ട് ഗോളിന് പിറകിലായിരുന്നു. തോല്‍ക്കും എന്നുറപ്പിച്ച മല്‍സരത്തിന്റെ 88-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ സൂപ്പര്‍ ഗോള്‍. അപ്പോഴും ഒരു ഗോള്‍ കടം ബാക്കി. അവിടെയാണ് മെസിയുടെ കുതിപ്പ് കണ്ടത്. സെവിയെക്കാര്‍ പോലും തലയില്‍ കൈ വെച്ചു പോയി ആ ഗോളില്‍. ലാലീഗയില്‍ ഇപ്പോഴും ബാര്‍സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പ് സന്നാഹ മല്‍സരങ്ങളില്‍ പരുക്ക് കാരണം പുറത്തിരുന്ന മെസി സെവിയെക്കെതിരെ കളിക്കില്ല എന്നാണ് കരുതിയത്. പക്ഷേ കോച്് ഏര്‍ണസ്റ്റോ വെല്‍വാര്‍ഡേ അദ്ദേഹത്തെ റിസര്‍വ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ പകുതിയില്‍ ടീം പതറുന്നത് കണ്ടപ്പോള്‍ രണ്ടാം പകുതിയില്‍ കോച്ച്് തന്റെ വജ്രായുധത്തെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതനായി. പ്രതീക്ഷകള്‍ അദ്ദേഹം തെറ്റിച്ചില്ല. 30 മല്‍സരങ്ങള്‍ ഇതിനകം ബാര്‍സയും റയലും ലീഗില്‍ പൂര്‍ത്തയാക്കി. ബാര്‍സ 76 ലും റയല്‍ 63 ലും നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് 64 പോയന്റിലുണ്ട്.

ഇന്നവര്‍ ഡിപ്പോര്‍ട്ടീവൊയെ നേരിടുന്നുണ്ട്. ഈ മല്‍സരം ജയിച്ചാല്‍ 67 പോയന്റിലേക്ക് സിമയോണി സംഘമെത്തും. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് മൂന്ന് ഗോളിന് ലാസ് പാമസിനെ തരിപ്പണമാക്കിയിരുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് കോച്ച് സൈനുദ്ദീന്‍ സിദാന്‍ വിശ്രമം അനുവദിച്ചപ്പോള്‍ ജെറാത്ത് ബെയില്‍ ആദ്യാവസാനം കളിച്ചു. പെനാല്‍ട്ടി ഗോള്‍ ഉള്‍പ്പെടെ വെയില്‍സുകാരന്‍ രണ്ട് തവണ ലക്ഷ്യം കണ്ടപ്പോള്‍ ക്ലബിന് വേണ്ടി തന്റെ 400-ാമത് മല്‍സരം കളിച്ച കരീം ബെന്‍സേമ ഒരു പെനാല്‍ട്ടി ഗോള്‍ നേടിയതിനൊപ്പം പതിവ് പോലെ ധാരാളം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

chandrika: