ബെല്‍ജിയം: മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന മങ്കിപോക്‌സ് അമേരിക്കയും ഫ്രാന്‍സും സ്‌പെയിനും ഉള്‍പ്പെടെ 16 വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെന്മാര്‍ക്കിലാണ് ഏറ്റവും പുതുതായി രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം സ്‌പെയ്‌നില്‍നിന്ന് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. സ്‌കോട്‌ലാന്‍ഡിലും രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടന്‍ കൂടുതല്‍ ഭീതിയിലായി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മങ്കിപോക്‌സ് രോഗികള്‍ക്ക് ബെല്‍ജിയം 21 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും, രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ പറഞ്ഞു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.