X
    Categories: MoreViews

മലയാളത്തിന്റെ പ്രതിഭ മാഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം…

ആദ്യസിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച നടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. 1986ലെ കന്നിചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയാണ് മോനിഷ ചലച്ചിത്രമേഖലയില്‍ ശ്രദ്ധ നേടിയത്. അന്ന് 15 വയസ്സ് മാത്രമുണ്ടായിരുന്ന മോനിഷയാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടുന്ന നടിയും. മലയാളത്തിനു പുറമെ തമിഴിലും കന്നടയിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് 21 -ാം വയസ്സില്‍ മോനിഷയെ വിധി തട്ടിയെടുക്കുന്നത്. ചേര്‍ത്തലയില്‍ ഒരു കാറപകടത്തില്‍പെട്ട് മോനിഷ മരണത്തിന് കീഴടങ്ങി.

1971 ല്‍ പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി കോഴിക്കോട് ജനിച്ചു. സഹോദരന്‍ സജിത്. അച്ഛന്‍ ഉണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവസായം ആയിരുന്നതിനാല്‍ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്.9 വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു.1985ല്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഭരതനാട്യനര്‍ത്തകര്‍ക്കായി നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാള്‍സ് ഹൈസ്‌കൂളില്‍ നിന്നും,ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നു സൈക്കോളജിയില്‍ ബിരുദവും ലഭിച്ചു.

പ്രശസ്തസാഹിത്യകാരനായ എം.ടി. വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. ആദ്യചിത്രമായ നഖക്ഷതങ്ങള്‍ക്ക് എം.ടി. കഥയും, ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചു. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്. മറ്റൊരു പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ഈ ചിത്രത്തില്‍ മോനിഷയുടെ നായകന്‍. ഈ ചിത്രത്തില്‍ മോനിഷ അഭിനയിച്ച ‘ഗൗരി’ എന്ന ഗ്രാമീണ പെണ്‍കുട്ടിക്കു 1987ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മലയാളത്തിനു പുറമേ പൂക്കള്‍ വിടും ഇതള്‍ (നഖക്ഷതങ്ങളുടെ റീമേക്ക്), ദ്രാവിഡന്‍ തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ചിരംജീവി സുധാകര്‍(1988) എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലും മികച്ച നടിയായി നില്‍ക്കുന്നതിനിടെ ഒരു നൃത്ത പരിപാടിയുടെ പരിശീലനത്തിനായി ബാംഗ്ലളൂരുവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ മോനിഷ പിന്നീട് ആസ്പത്രിയില്‍വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്

chandrika: