X
    Categories: Sports

മോണി മോര്‍ക്കല്‍ വിരമിക്കുന്നു

 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു ശേഷം വിരമിക്കുമെന്ന് വെറ്ററന്‍ താരം പറഞ്ഞു. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് കളി മതിയാക്കുന്നതെന്നും ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 33-കാരന്‍ പഞ്ഞു. മാര്‍ച്ച് ഒന്ന് മുതലാണ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര ആരംഭിക്കുന്നത്.
‘പുതിയൊരു അധ്യായം തുടങ്ങുന്നതിനു വേണ്ടി ഈ തീരുമാനം കൈക്കൊള്ളുക എന്നത് ബുദ്ധിമുട്ടായിരുന്നു. എന്റെ ഭാര്യ വിദേശിയാണ്. ടീമിന്റെ വിദേശ ഷെഡ്യൂളുകള്‍ വ്യക്തിജീവിതത്തെ ബാധിക്കുന്നുണ്ട്. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം.’ മോര്‍ക്കല്‍ പറഞ്ഞു.
‘ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞു കൊണ്ടുള്ള ഓരോ നിമിഷവും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നറിയാന്‍ എനിക്കും താല്‍പര്യമുണ്ട്. നിലവില്‍, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് ശ്രദ്ധ’ – താരം വ്യക്തമാക്കി.
2006-ല്‍ അരങ്ങേറിയ മോര്‍ക്കല്‍ 87 ടെസ്റ്റില്‍ നിന്നായി 294 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് മോര്‍ക്കല്‍. 2016-ല്‍ കരിയറിനെ തന്നെ ബാധിച്ചേക്കുമെന്ന് തോന്നിച്ച പരിക്കേറ്റെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അന്താരാഷ്ട്ര രംഗത്ത് തിരിച്ചെത്തി. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതില്‍ മോര്‍ക്കല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കൊല്‍പാക് നിയമ പ്രകാരം ഇംഗ്ലണ്ടില്‍ മോര്‍ക്കല്‍ കളി തുടര്‍ന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്ന് കൗണ്ടി ടീമുകള്‍ ഈ ആവശ്യം ഉന്നയിച്ച് മോര്‍ക്കലിനെ സമീപിച്ചിരുന്നെങ്കിലും താരം വ്യക്തമായ ഒരു ഉത്തരം നല്‍കിയിരുന്നില്ല. കൊല്‍പാക് നിയമം ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ കളിക്കാനും അവിടെ താമസമാക്കാനുമാണ് താരത്തിന്റെ പദ്ധതി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊല്‍പാക് ഉപയോഗിക്കാന്‍ മോര്‍ക്കല്‍ ശ്രമിക്കുകയാണെങ്കില്‍ യോര്‍ക്‌ഷെയര്‍, സറേ ടീമുകള്‍ താരത്തിനു വേണ്ടി രംഗത്തുണ്ട്. ഒരു വര്‍ഷം മുമ്പ് പേസ് ബൗളര്‍ കെയ്ല്‍ ആബട്ട് കൊല്‍പാക് നിയമം ഉപയോഗിച്ച് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയിരുന്നു.

chandrika: