ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ കരാറില്‍ മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചത്. റഫാലില്‍ സി.എ.ജി അന്വേഷണം ഇല്ലാതാക്കിയെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത റി ട്വീറ്റ് ചെയ്താണ് രാഹുലിന്റെ ആരോപണം. സത്യം ഒന്നേയുള്ളൂ, വഴികള്‍ പലതുണ്ട് എന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണിയും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടില്‍ റഫാല്‍ കരാറിനെ കുറിച്ച് പരാമര്‍ശമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് വ്യോമയാന കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്നാണ് വ്യോമസേന റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നത്. യു.പി.എ സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ റദ്ദാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ കൊണ്ടുവന്നിരുന്നത്. കൂടിയ വിലയ്ക്കാണ് പുതിയ കരാര്‍ ഒപ്പുവെച്ചത്, ഇത് അഴിമതിയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ മാസം യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്. 36 യുദ്ധവിമാനങ്ങള്‍ 59,000 കോടിക്കാണ് വ്യോമസേന വാങ്ങുന്നത്. സി.എ.ജി റിപ്പോര്‍ട്ടില്‍ റഫേല്‍ കമ്പനി വിവരങ്ങള്‍ കൈമാറിയിട്ടില്ല എന്നാണ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നത്.