കൈതോലപായയില്‍ പണം കടത്തി എന്ന മുഖ്യമന്ത്രിക്ക് എതിരായ ആരോപണത്തെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിലെ ഉന്നത നേതാവ് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ രംഗത്ത് വന്നത്.സി.പി.എമ്മിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ ഏറെ അറിയാവുന്ന ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വെച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ശക്തിധരന്‍ പറയുന്നത്. കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്‍കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നു കൈതോലപ്പായയെന്നും ശക്തിധരന്‍ തന്റെ എഫ്.ബി പോസ്റ്റി്ല്‍ പറയുന്നു.
അന്ന് ആദ്യമായിട്ടാണത്രെ ഈ നേതാവ് തന്റെ ഓഫീസിലുള്ള മുറിയില്‍ താമസിച്ചത്്. അതിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ കണ്ണൂരിലെ ഒരു നേതാവ് ചികിത്സക്കായി ഈ മുറിയില്‍ വന്നു താമസിച്ചിരുന്നു. അന്ന് കൈതോലപ്പായയില്‍ കെട്ടിക്കൊണ്ടുപോയ ആ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. അത് അതുപോലെ തന്നെ കോവളത്തെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വെച്ചും ഈ നേതാവിന് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നു. രണ്ട് വലിയ കെട്ടുകളായാണ് ആ പണം ലഭിച്ചത്. അതില്‍ ഒരു കെട്ട് പാര്‍ട്ടി ആസ്ഥാനത്തെ സീനിയര്‍ ആയ ജീവനക്കാരന് നല്‍കിയെന്നും അടുത്ത കെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് അടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് ഈ നേതാവ് കൊണ്ടുപോയെന്നും ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ശക്തിധരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബന്നിബഹനാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ മന്ത്രി സഭയിലുഉള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരന്‍. അതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണം. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ശക്തിധരന് പൊലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.